ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയപ്രതീക്ഷ നൽകി ഓപ്പണർ എയ്‌ഡൻ മാർക്രത്തിന്റെ സെഞ്ച്വറി. 156 പന്തിൽ 11 ബൗണ്ടറികളോടെയാണ് ലോർഡ്‌സിൽ മാർക്രം തന്റെ എട്ടാമത്തെ ടെസ്റ്റ് സെഞ്ച്വറി നേടിയത്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ 69 റൺസ് അകലെയാണ് ദക്ഷിണാഫ്രിക്കയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടമെന്ന സ്വപനം.
ആദ്യ ഇന്നിംഗ്‌സിലെ പൂജ്യത്തിൽ നിന്ന് 100 ലേക്കുള്ള ദൂരം അത്ര ചെറുതായിരുന്നില്ല മാർക്രമിന്. ക്രീസിൽ ചിലവഴിച്ച നാലരമണിക്കൂറും നേരിട്ട 159 പന്തുകളും മാർക്രത്തിലെ കളിക്കാരന്റെ ക്ഷമയും അടങ്ങാത്ത കിരീടമോഹവും വെളിപ്പെടുത്തുന്നതായിരുന്നു. മൂന്നാം ദിവസത്തെ അവസാന ഓവറിൽ ഹേസൽവുഡിന്റെ പന്ത് ലെഗ് സൈഡിലൂടെ ബൗണ്ടറിയിലേക്ക് കുതിക്കുമ്പോൾ ഒരു മിഠായിക്കടയിലെ കുട്ടിയെ പോലെ മാർക്രമിന്റെ കണ്ണുകൾ തിളങ്ങി.
സെഞ്ച്വറി നേട്ടത്തിൽ ലോർഡ്‌സ് സ്റ്റേഡിയം അലയൊലി തീർത്തപ്പോൾ മാർക്രം നിശബ്ദമായി തന്റെ ഹെൽമെറ്റ് ഊരിമാറ്റി, മുകളിലേക്ക് നോക്കി, കവിളിലേക്ക് ഉതിർന്നുവീണ കണ്ണുനീർ തുടച്ചു. ശേഷം കാണികളെ അഭിവാദ്യം ചെയ്തു. ജോലി കൃത്യമായി പൂർത്തിയായിട്ടില്ലെന്ന് അറിയാമായിരുന്നതിനാൽ, അദ്ദേഹത്തിന്റെ ആഘോഷങ്ങൾ നിശബ്ദമായിരുന്നു. എന്നാൽ ഗാലറിയിൽ കളികണ്ടിരുന്ന ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരം എ ബി ഡിവില്ലിയേഴ്സ് എഴുന്നേറ്റ് നിന്ന് ആ ചരിത്ര നിമിഷം പകർത്താൻ തന്റെ ഫോൺ പുറത്തെടുത്തു. മാർക്രത്തിന്റെ മാത്രം നിമിഷമല്ല ഇതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
Markram’s masterclass! 🎯#AidenMarkram slams a stunning century as South Africa roar back into the #WTCFinal
Will this be the knock that leads them to glory?
WATCH DAY 4 👉🏻 #WTCFinal | #SAvAUS | SAT, JUN 14, 2.30 PM onwards on Star Sports 1, Star Sports 1 Hindi & JioHotstar pic.twitter.com/FPRmbmvkrU
— Star Sports (@StarSportsIndia) June 13, 2025
ലോർഡ്‌സിൽ നാലാം ഇന്നിങ്സില്‍ ഒരു വിദേശതാരത്തിന്റെ സെഞ്ച്വറി പിറക്കുന്നത് 2009ന് ശേഷം ആദ്യമാണ്. അന്ന് ഓസീസ് താരം മൈക്കല്‍ ക്ലാര്‍ക്കായിരുന്നു ആ നേട്ടം കൊയ്തത്.