ന്യൂഡൽഹി : ഇറാൻ ആണവ നിർവ്യാപന ബാധ്യതകൾ ലംഘിച്ചതായി ആഗോള ആണവ നിരീക്ഷണ സംഘടനയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ (ഐഎഇഎ) ബോർഡിലുള്ള 35 രാജ്യങ്ങളിൽ പത്തൊൻപത് രാജ്യങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു, യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ഇതിനെ പിന്തുണച്ചു.
തങ്ങളുടെ അപ്രഖ്യാപിത ആണവ വസ്തുക്കളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള പൂർണ്ണമായ ഉത്തരങ്ങൾ ഐഎഇഎയ്‌ക്ക് നൽകുന്നതിൽ ഇറാൻ പരാജയപ്പെട്ടത് ചട്ടങ്ങൾ പാലിക്കാത്തതിന്റെ ഫലമാണെന്ന് പ്രമേയത്തിൽ പറയുന്നു. റിയാക്ടർ ഇന്ധനമായി മാത്രമല്ല, ആണവായുധങ്ങളായി പോലും ഉപയോഗിക്കാൻ കഴിയുന്ന ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരത്തെക്കുറിച്ചും പ്രമേയം ആശങ്ക പ്രകടിപ്പിക്കുന്നു.
പ്രമേയത്തെ “രാഷ്‌ട്രീയം” എന്ന് അപലപിച്ച ഇറാൻ, പുതിയ സമ്പുഷ്ടീകരണ കേന്ദ്രം തുറക്കുമെന്ന് പറഞ്ഞു.തങ്ങളുടെ ആണവ പ്രവർത്തനങ്ങൾ പൂർണ്ണമായും സമാധാനപരമായതാണെന്നും ഒരിക്കലും ആണവായുധങ്ങൾ വികസിപ്പിക്കാനോ സ്വന്തമാക്കാനോ ശ്രമിക്കില്ലെന്നും ഇറാൻ തറപ്പിച്ചുപറയുന്നു.
2015 ൽ ആറ് ലോകശക്തികളുമായി ഒപ്പുവെച്ച ഒരു സുപ്രധാന കരാർ പ്രകാരം, ഇറാൻ തങ്ങളുടെ ആണവ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താനും ഐഎഇഎയുടെ ഇൻസ്പെക്ടർമാരുടെ നിരന്തരമുള്ള ശക്തമായ നിരീക്ഷണം അനുവദിക്കാനും സമ്മതിച്ചിരുന്നു .
സാമ്പത്തിക ഉപരോധങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് പകരമായിട്ടായിരുന്നു ഈ സമ്മതം. ആണവ നിർവ്യാപന ഉടമ്പടി (NPT) സുരക്ഷാ കരാറിന് പ്രകാരമുള്ള പരിശോധനകളിൽ ഐഎഇഎയെ സഹായിക്കാനും ഈ കരാർ മൂലം ഇറാൻ പ്രതിജ്ഞാബദ്ധമാകുന്നു
വിയന്നയിൽ നടന്ന ഐഎഇഎ ബോർഡ് യോഗത്തിൽ റഷ്യ, ചൈന, ബുർക്കിന ഫാസോ എന്നീ മൂന്ന് രാജ്യങ്ങൾ പ്രമേയത്തിനെതിരെ വോട്ട് ചെയ്തതായും പതിനൊന്ന് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതായും രണ്ട് രാജ്യങ്ങൾ വോട്ട് ചെയ്തില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.















