വാഷിംഗ്ടൺ: യുഎസിന്റെ സൈനിക പരേഡിലേക്ക് പാക് സൈനിക മേധാവി അസീം മുനീറിനെ ക്ഷണിച്ചെന്ന വാർത്ത നിഷേധിച്ച് വൈറ്റ് ഹൗസ്. തികച്ചും തെറ്റായ വാർത്തയാണിത്, വിദേശ സൈനിക തലവൻമാരെയൊന്നും ക്ഷണിച്ചിട്ടില്ല, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
യുഎസിന്റെ സൈനിക ശക്തി വിളിച്ചൊതുന്ന പരേഡ് ശനിയാഴ്ചയാണ് നടന്നത്. ഈ പരേഡിലേക്ക് അസീം മുനീറിന് ക്ഷണം എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.
അസീം മുനിറിനെ യുഎസ് ക്ഷണിച്ചന്ന വാർത്ത കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര പരാജയമാണിതെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ആരോപണം. കോൺഗ്രസിന് മുഖമടച്ച മറുപടി കൂടിയായി വൈറ്റ് ഹൗസിന്റെ വെളിപ്പെടുത്തൽ.
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള പ്രതിനിധി സംഘത്തെ ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ, പാകിസ്ഥാനും സമാന പ്രഖ്യാപനം നടത്തിയിരുന്നു. തുടർന്ന് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘം യുഎസ് സന്ദർശിക്കുകയും ചെയ്തു. എന്നാൽ അണ്ടർ സെക്രട്ടറി പദവിക്ക് താഴെയുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് പാക് സംഘത്തിന് കാണാൻ സാധിച്ചത്. ഇതിന്റെ ക്ഷീണത്തിലിരിക്കെയാണ് ഇസ്ലാമബാദ് വ്യാജ വാർത്ത പടച്ചുവിട്ടത്. വൈറ്റ് ഹൗസിന്റെ വെളിപ്പെടുത്തൽ പാകിസ്ഥാന് വലിയ നാണക്കേടായി.
യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരേഡ് സംഘടിപ്പിച്ചത്. 1775 ജൂൺ 14 നാണ് യുഎസ് സൈന്യം ഔദ്യോഗികമായി സ്ഥാപിതമായത്. 1991ലാണ് അവസാനമായി സൈനിക പരേഡ് നടന്നത്. ആയിരക്കണക്കിന് സൈനികർ, ഡസൻ കണക്കിന് ടാങ്കുകൾ, ഹെലികോപ്റ്ററുകൾ, പ്രതിരോധ സാമഗ്രികൾ എന്നിവ പരേഡിൽ അണിനിരന്നു.















