ഗാന്ധിനഗർ: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാങ്‌വിയാണ് വിജയ് രൂപാണിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
“ജൂൺ 12 ന് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി (69) അന്തരിച്ചു. ഇന്ന് രാവിലെ 11:10 ഓടെ ഡിഎൻഎ ഫലം ലഭിച്ചത്.” ഹർഷ് സാങ്‌വി പറഞ്ഞു.
ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയായിരുന്നു വിജയ് രൂപാണി. 2016 ഓഗസ്റ്റ് മുതൽ 2021 സെപ്റ്റംബർ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. 1956 ൽ രാംനിക്‌ലാൽ രുപാണിയുടെയും മായാബെന്നിന്റെയും ഏഴാമത്തെ മകനായാണ് വിജയ് രൂപാണി ജനിച്ചത്. പഠനകാലത്ത് സജീവ എബിവിപി പ്രവർത്തകനായിരുന്നു. പിന്നീട് രാഷ്‌ട്രീയ സ്വയസേവക സംഘത്തിന്റെ കാര്യകർത്താവും പ്രചാരകനുമായി.
ബിജെപിയിൽ വിവിധ സംഘടനാ പദവികൾ വഹിച്ച അദ്ദേഹം രാജ്കോട്ട് മേയറായാണ് ഭരണരംഗത്ത് എത്തുന്നത്. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു. 2014-ലാണ് സംസ്ഥാന മന്ത്രിസഭയിൽ എത്തിയത്. പിന്നീട് 2016 ഓഗസ്റ്റ് 7 ന് വിജയ് രൂപാണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
വിജയ് രൂപാണിയുടെ വിയോഗത്തിലൂടെ ബിജെപിക്ക് കരുത്തനായ നേതാവിനെയാണ് നഷ്ടായത്. കക്ഷി രാഷ്‌ട്രീയങ്ങൾക്കപ്പുറം ഏറെ ബഹുമാനിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.















