ജാംനഗർ: ഗുജറാത്തിലെ ജാംനഗറിൽ അനധികൃതമായി നിർമ്മിച്ച 300 ഓളം കെട്ടിടങ്ങൾ പൊളിച്ചുനീക്കി ഭരണകൂടം. ഇക്കൂട്ടത്തിൽ നീന്തൽക്കുളം, ബാത്ത് ടബ്, വിശാലമായ മുറികൾ തുടങ്ങിയ ആഡംബര സൗകര്യങ്ങളുള്ള ഒരു മുസ്ലീം ആരാധനാലയവും കണ്ടെത്തി.
ബച്ചു നഗർ എക്സ്റ്റൻഷനിൽ സ്ഥിതി ചെയ്യുന്ന ഈ ആരാധനാലയം അധികൃതരുടെ അനുമതിയില്ലാതെ നിർമ്മിച്ച നാല് മുസ്ലിം പള്ളികളിൽ ഒന്നാണ്. ഇവിടെ സ്വകാര്യ വിഐപി വസതികളിലേതുപോലുള്ള ആഡംബര സൗകര്യങ്ങൾ കണ്ടെത്തിയത് ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
അനധികൃത കോളനിയിൽ കുറഞ്ഞത് 294 വീടുകളെങ്കിലും ഉണ്ടായിരുന്നു, ഏകദേശം 20-25 വർഷങ്ങൾക്ക് മുമ്പ് യാതൊരു നിയമ നടപടികളും പൂർത്തിയാക്കാതെ നിർമ്മിച്ചതാണിവ. രംഗ്മതി നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന പരിസ്ഥിതി ലോല മേഖലകളിലാണ് ഈ വീടുകളിൽ പലതും നിർമ്മിച്ചിരിക്കുന്നത്. മഴക്കാലത്ത് ജാംനഗറിന്റെ ചില ഭാഗങ്ങളിൽ ആവർത്തിച്ചുള്ള വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും ഇത് കാരണമാകാറുണ്ട്.
300 കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റിയതായി പൊലീസ് സൂപ്രണ്ട് പ്രേംസുഖ് ദേലു സ്ഥിരീകരിച്ചു. ഏകദേശം എട്ട് ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഭൂമി ഭാവിയിൽ കൈയേറ്റങ്ങൾ ഉണ്ടാകാതെ തടയുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സമീപ വർഷങ്ങളിൽ ഈ മേഖലയിൽ നടത്തിയ ഏറ്റവും വലിയ കൈയേറ്റ വിരുദ്ധ നടപടികളിൽ ഒന്നാണിത്.















