ആർ.സി.ബിയിൽ ഒരുമിച്ച് കളിക്കുന്ന കാലം മുതൽ തന്നെ ഉറ്റ ചങ്ങാതിമാരാണ് ദക്ഷിണാഫ്രിക്കൻ താരമായിരന്ന ഡിവില്ലേഴ്സും ഇന്ത്യൻ താരം വിരാട് കോഹ്ലിയും. അവരുടെ ബന്ധത്തിന്റെ ആഴം ഇക്കഴിഞ്ഞ ഐപിഎൽ ഫൈനലിന് പിന്നാലെ കണ്ടതുമാണ്. എന്നാൽ കോഹ്ലി തന്നോട് മാസങ്ങളോളം പിണങ്ങിയിരുന്ന കാര്യം വെളിപ്പെടുത്തുകയാണ് മിസ്റ്റർ 360.
യുട്യൂബ് ലൈവിനിടെ കോഹ്ലിയും അനുഷ്കയും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുന്നതായി ഡിവില്ലേഴ്സ് അബദ്ധത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതാണ് മാസങ്ങൾ നീണ്ട പിണക്കത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ദക്ഷിണാഫ്രിക്കൻ താരം ഇത് പറഞ്ഞത്. അതുവരെ അഭ്യൂഹങ്ങൾ മാത്രമായിരുന്ന കാര്യമാണ് താരം സ്ഥിരീകരിക്കുന്നത്. കോഹ്ലിയും അനുഷ്കയും ഇത് രഹസ്യമായി വച്ചിരിക്കുകയായിരുന്നു. ഇതോടെയാണ് കോഹ്ലി മാസങ്ങളോളം തന്നോട് മിണ്ടാതിരുന്നതെന്ന് ഒരു അഭിമുഖത്തിൽ ഡിവില്ലേഴ്സ് വെളിപ്പെടുത്തി.
ആറുമാസം മുൻപ് ബോർഡർ -ഗവാസ്കർ ട്രോഫിക്കിടെയാണ് കോഹ്ലി തന്നെ വീണ്ടും ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്റെ കരിയറിന്റെ മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോഴായിരുന്നു ഇത്. തനിക്ക് പറ്റിയ അബദ്ധവും ഡിവില്ലേഴ്സ് അഭിമുഖത്തിൽ സമ്മതിച്ചു. കോഹ്ലി വീണ്ടും സംസാരിച്ചത് തനിക്ക് വളരെയേറെ ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ കരിയറിൽ നേരിട്ടതു പോലുള്ള പരീക്ഷണ കാലഘട്ടത്തിലൂടെയായിരുന്നു അദ്ദേഹവും കടന്നു പോയിരുന്നത്. അതിനാൽ എനിക്ക് തോന്നിയ ചില കാര്യങ്ങൾ അദ്ദേഹവുമായി പങ്കുവച്ചു. ഇപ്പോഴും കോഹ്ലി സജീവ ക്രിക്കറ്റിൽ തുടരുന്നതിൽ സന്തോഷമുണ്ട്—ഡിവില്ലേഴ്സ് പറഞ്ഞു.















