അഹമ്മദാബാദ്: ആകാശദുരന്തത്തിന് പിന്നാലെ സംഗീത സംവിധായകനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. മഹേഷ് കലാവാഡിയ എന്നറിയപ്പെടുന്ന മഹേഷ് ജിരാവാലയെയാണ് കാണാതായത്. വിമാനപകടം നടന്ന സമയത്ത് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമാണ് മഹേഷ് ഉണ്ടായിരുന്നത്. ജൂൺ 12 ന് ശേഷം അദ്ദേഹത്തെ കുറിച്ച് വിവരമില്ലെന്ന് കാണിച്ച് ഭാര്യ ഹേതൽ പൊലീസിൽ പരാതി നൽകി.
അഹമ്മദാബാദിലെ നരോദയിൽ താമസിക്കുന്ന മഹേഷ് സുഹൃത്തിനെ കാണാനായാണ് വിമാനത്താവളത്തിനോട് ചേർന്നുള്ള ലോ ഗാർഡനിൽ എത്തിയത്. അപകടസ്ഥലത്ത് നിന്ന് 700 മീറ്റർ അകലെയാണ് മഹേഷിന്റെ ഫോൺ ഉണ്ടായിരുന്നത്. വിമാനം പറന്നുയരുന്നതിന് ഒരു മിനിറ്റ് മുമ്പ് അത് ഓഫായി. അദ്ദേഹത്തിന്റെ സ്കൂട്ടറും മൊബൈൽ ഫോണും കാണാനില്ല, ഭാര്യ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മഹേഷിനും അപകടം സംഭവിച്ചോ എന്നാണ് കുടുംബത്തിന്റെ സംശയം. സംഭവത്തിൽ വ്യക്തത വരുത്താൻ കുടുംബം ഡിഎൻഎ സാമ്പിളുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. .















