വമ്പൻ ഹൈപ്പിലെത്തി തിയേറ്ററിൽ ദുരന്തമായ ചിത്രമാണ് കമൽ ഹാസൻ-മണിരത്നം-എ.ആർ റഹ്മാൻ കോംബോയിലെത്തിയ തഗ് ലൈഫ്. വലിയ താരങ്ങളെ അണിനിരത്തിയെങ്കിലും ചിത്രം ബോക്സോഫീസിൽ തകർന്നടിയുകയായിരുന്നു. ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രത്തെ കമലിന്റെ ആരാധകർ പോലും തിരസ്കരിക്കുകയായിരുന്നു.
റിലീസിന് ഒരാഴ്ചയ്‌ക്ക് ശേഷം തമിഴ്നാട്ടിലെ തിയേറ്ററുകൾ ചിത്രത്തിന്റെ പ്രദർശനവും അവസാനിപ്പിച്ചിരുന്നു.130 കോടിക്കാണ് നെറ്റ്ഫ്ളിക്സ് ഒടിടി അവകാശത്തിന് കരാർ ഒപ്പിട്ടത്. എന്നാൽ പടം പൊളിഞ്ഞതോടെ ഈ തുകയും കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. 25 ശതമാനത്തിലേറെ കുറച്ചേക്കുമെന്നാണ് വിവരം. തിയേറ്ററിലെത്തി 26 ദിവസത്തിന് ശേഷമാണ് തമിഴ് ചിത്രങ്ങൾ ഒടിടിയിലെത്തുന്നത്. 56 ദിവസങ്ങൾക്ക് ശേഷമാണ് ബോളിവുഡ് ചിത്രങ്ങൾ സ്ട്രീം ചെയ്യുക.
അതേസമയം തിയേറ്റർ ഉടമകൾ വിതരണക്കാരായ റെഡ് ജയൻ്റ് മൂവീസിൽ നിന്നും നിർമാതാക്കളായ കമൽഹാസൻ- മണിരത്നം എന്നിവരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടേക്കും. സാക്നിൽക്ക് റിപ്പോർട്ട് പ്രകാരം ഇതുവരെ ചിത്രം നേടിയത് 45 കോടി രൂപയാണ് മുടക്ക് മുതലിന്റെ 25 ശതമാനം പോലും ലഭിച്ചിട്ടില്ല.















