ന്യൂഡെല്‍ഹി: ഇന്ത്യയുടെ ജി20 ഷെര്‍പ്പ സ്ഥാനം രാജിവെച്ച് അമിതാഭ് കാന്ത്. 45 വര്‍ഷത്തെ സമര്‍പ്പിതമായ സര്‍ക്കാര്‍ സേവനത്തിന് ശേഷം ഒരു പുതിയ യാത്രക്ക് തുടക്കമിടുകയാണെന്ന് മുന്‍ നിതി ആയോഗ് സിഇഒയായ കാന്ത് പറഞ്ഞു.
‘എന്റെ പുതിയ യാത്ര: 45 വര്‍ഷത്തെ സമര്‍പ്പിത സര്‍ക്കാര്‍ സേവനത്തിന് ശേഷം, പുതിയ അവസരങ്ങള്‍ സ്വീകരിക്കാനും ജീവിതത്തില്‍ മുന്നോട്ട് പോകാനും ഞാന്‍ തീരുമാനിച്ചു,’ അദ്ദേഹം എക്‌സില്‍ എഴുതി.
ജി20 ഷെര്‍പ്പ സ്ഥാനത്തു നിന്നുള്ള രാജി സ്വീകരിച്ചതിനും നിരവധി വികസന സംരംഭങ്ങള്‍ നയിക്കാനും ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും പുരോഗതിക്കും സംഭാവന നല്‍കാനും അവസരം നല്‍കിയതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അമിതാഭ് കാന്ത് നന്ദി പറഞ്ഞു.
ഭാവി പദ്ധതി
‘സ്വതന്ത്ര സംരംഭം, സ്റ്റാര്‍ട്ടപ്പുകള്‍, തിങ്ക് ടാങ്കുകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് സൗകര്യമൊരുക്കുകയും പിന്തുണയ്‌ക്കുകയും ചെയ്തുകൊണ്ട് വികസിത് ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തന യാത്രയില്‍ സംഭാവന നല്‍കാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി,’ അദ്ദേഹം എക്‌സില്‍ കൂട്ടിച്ചേര്‍ത്തു.
തുടക്കം ‘ദൈവത്തിന്റെ സ്വന്തം നാട്ടി’ല്‍
‘എന്റെ യാത്ര കേരളത്തില്‍ നിന്നാണ് ആരംഭിച്ചത്, അവിടെയാണ് ഞാന്‍ അടിസ്ഥാന വികസനത്തിന്റെ മൂല്യം പഠിച്ചത്. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന കാമ്പെയ്ന്‍ മുതല്‍ മാനാഞ്ചിറ മൈതാനം പുനരുജ്ജീവിപ്പിച്ച് കോഴിക്കോട് നഗരത്തെ പുനരുദ്ധരിക്കല്‍, വിശാലമായ കയ്യേറ്റങ്ങള്‍ നീക്കം ചെയ്യല്‍, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കല്‍, മത്സ്യബന്ധന സമൂഹവുമായി അടുത്ത് പ്രവര്‍ത്തിക്കല്‍ എന്നിവയടക്കം അനുഭവങ്ങളാണ് എന്റെ കരിയറിനെ രൂപപ്പെടുത്തിയത്,’ അദ്ദേഹം പറഞ്ഞു.
നയങ്ങളുടെ നടത്തിപ്പുകാരന്‍
പിന്നീട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തില്‍ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ കാമ്പെയ്‌നും ആരംഭിച്ചത് കാന്തിന്റെ കാലത്താണ്. നിതി ആയോഗില്‍ അദ്ദേഹം ഉല്‍പ്പാദന ബന്ധിത ഇന്‍സെന്റീവ് പദ്ധതി (പിഎല്‍ഐ), അടല്‍ ഇന്നൊവേഷന്‍ മിഷന്‍, ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ എന്നിവയിലൂടെ നയ പരിഷ്‌കാരങ്ങള്‍ നട
പ്പാക്കാന്‍ നേതൃത്വം നല്‍കി. വ്യാവസായിക നയ, പ്രോല്‍സാഹന വകുപ്പിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കവെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പ്രധാന സംരംഭങ്ങള്‍ക്കും കാന്ത് നേതൃത്വം നല്‍കി.