ന്യൂഡെല്‍ഹി: 2025 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്ന് കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ കയറ്റുമതി ചെയ്ത ഐഫോണുകളില്‍ ഏകദേശം 97% എത്തിയത് യുഎസിലേക്ക്. ഇത് 2024 ലെ ശരാശരിയായ 50.3% ല്‍ നിന്ന് കുത്തനെയുള്ള വര്‍ധനവാണ്. ചൈനയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന താരിഫ് ഒഴിവാക്കാനാണ് ആപ്പിള്‍ ഈ തന്ത്രം പ്രയോഗിച്ചിരിക്കുന്നത്.
നേരത്തെ, നെതര്‍ലാന്‍ഡ്‌സ്, ചെക്ക് റിപ്പബ്ലിക്, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണുകള്‍ ആപ്പിള്‍ കയറ്റുമതി ചെയ്തിരുന്നത്.
മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍, ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ നിന്ന് 3.2 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. മെയ് മാസത്തില്‍ മാത്രം ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഐഫോണ്‍ കയറ്റുമതി 1 ബില്യണ്‍ ഡോളറിനടുത്തായിരുന്നു.
ഷിപ്പ്‌മെന്റ് വേഗത്തിലാക്കാനും ചെലവ് കുറയ്‌ക്കാനുമായി മാര്‍ച്ചില്‍ ചാര്‍ട്ടേഡ് വിമാനങ്ങളും ആപ്പിള്‍ ഉപയോഗിച്ചു. ഏകദേശം 2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഐഫോണ്‍ 13, 14, 16, 16ഇ മോഡലുകള്‍ നേരിട്ട് യുഎസിലേക്ക് ഇപ്രകാരം കൊണ്ടുപോയി. ഐഫോണുകളുടെ പ്രധാന കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറന്‍സ് സമയം ഏകദേശം 30 മണിക്കൂറില്‍ നിന്ന് ആറ് മണിക്കൂറായി കുറയ്‌ക്കാനും കമ്പനി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആപ്പിളിന്റെ കരാര്‍ നിര്‍മാതാക്കളായ ടാറ്റ ഇലക്ട്രോണിക്‌സും സമീപ മാസങ്ങളില്‍ അതിന്റെ ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും യുഎസിലേക്കാണ് കയറ്റി അയച്ചത്. കസ്റ്റംസ് രേഖകള്‍ പ്രകാരം, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ടാറ്റയുടെ കയറ്റുമതിയുടെ 86% യുഎസിലേക്കായിരുന്നു.















