വാഷിങ്ടൻ : ഇറാന് ആണവായുധം കൈവശം വയ്‌ക്കാനാകില്ല എന്ന് അസന്നിഗ്ധമായി വ്യക്തമാക്കി അമേരിക്ക്ണ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതോടൊപ്പം എല്ലാവരും ഉടൻ ടെഹ്‌റാനിൽ നിന്ന് ഒഴിയണം എന്നും ആവശ്യപ്പെട്ടു.
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ തന്റെ അക്കൗണ്ടിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം. ‘‘ഇറാന് ആണവായുധം കൈവശം വയ്‌ക്കാൻ കഴിയില്ല. ഞാൻ ഒപ്പിടാൻ പറഞ്ഞ കരാറിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നു. എന്തൊരു നാണക്കേട്, മനുഷ്യജീവിതം പാഴാക്കൽ. ലളിതമായി പറഞ്ഞാൽ, ഇറാന് ആണവായുധം കൈവശം വയ്‌ക്കാൻ കഴിയില്ല. ഞാൻ അത് വീണ്ടും വീണ്ടും പറയുന്നു! എല്ലാവരും ഉടൻ ടെഹ്‌റാൻ ഒഴിയണം’’ ട്രംപ് പറഞ്ഞു.
ഏതാണ്ട് ഇതേ അർഥം വരുന്ന ഒന്നിലധികം പോസ്റ്റുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്.
ഇസ്രയേലുമായുള്ള നിലവിലെ സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ഏതെങ്കിലും വിധത്തിൽ ആക്രമിച്ചാൽ, യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ അവരുടെ മേൽ പതിക്കുമെന്നും ഇറാനു ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.















