ന്യൂഡൽഹി: തമിഴ് നടൻ കമൽഹാസൻ അഭിനയിച്ച തഗ് ലൈഫ് എന്ന സിനിമയുടെ പ്രദർശനത്തിന് “നിയമവിരുദ്ധ വിലക്ക്” ഏർപ്പെടുത്തിയതിനെതിരെ കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ അതിരൂക്ഷ വിമർശനം.
കന്നഡ ഭാഷയെക്കുറിച്ചുള്ള പരാമർശത്തിന് കമലിനോട് മാപ്പ് പറയാൻ ഉത്തരവിടാൻ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
“കർണാടകയിൽ തഗ് ലൈഫിന്റെ റിലീസ് നിരോധിക്കാൻ കഴിയില്ല. ഉചിതമായ സർട്ടിഫിക്കേഷൻ നേടിയ ശേഷം ഒരു സിനിമയും നിരോധിക്കാൻ കഴിയില്ല.സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകളിൽ സർക്കാർ സുരക്ഷ ഉറപ്പാക്കണം.നടൻ കമൽ മാപ്പ് പറയണമെന്ന് പറയുന്നത് കോടതിയുടെ ജോലിയല്ല.കന്നഡ ഭാഷയെക്കുറിച്ച് സംസാരിച്ചതിന് കമലിനോട് മാപ്പ് പറയാൻ ഉത്തരവിടാൻ കഴിയില്ല.പ്രസംഗത്തിന്റെ പേരിൽ കമലിനെ ഭീഷണിപ്പെടുത്താൻ അനുവദിക്കാനാവില്ല”. സുപ്രീം കോടതി പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. ബുധനാഴ്ചയ്‌ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു.
“ഒരു ആൾക്കൂട്ടം, ഒരു ഗുണ്ട, തെരുവിലിറങ്ങി ആക്രമണം നടത്താൻ പാടില്ല. നിയമവാഴ്ച നിലനിൽക്കണം. ആരെങ്കിലും ഒരു വിഷയത്തിൽ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ, ഒരു പ്രസ്താവനയിലൂടെ അതിനെ നേരിടുക. ആരെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ, എഴുത്തിലൂടെ അതിനെ നേരിടുക”, കോടതി പറഞ്ഞു.
കന്നഡ ഭാഷയെക്കുറിച്ചുള്ള നടൻ കമൽ ഹാസന്റെ പരാമർശത്തിനെതിരെ കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധിച്ചതിനെത്തുടർന്ന് മണിരത്നത്തിന്റെ തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രദർശനം കർണാടകയിൽ നടന്നിരുന്നില്ല. കന്നഡ അനുകൂല സംഘടനകളിൽ നിന്നും കന്നഡിഗരിൽ നിന്നും ആവർത്തിച്ചുള്ള സമ്മർദ്ദം ഉണ്ടായിരുന്നിട്ടും, കമൽഹാസൻ ക്ഷമാപണം നടത്താൻ വിസമ്മതിച്ചിരുന്നു. ഇത് കന്നഡ അനുകൂല ഗ്രൂപ്പുകളെ കൂടുതൽ പ്രകോപിപ്പിച്ചു, കമൽഹാസൻ ക്ഷമാപണം നടത്തുന്നതുവരെ ചിത്രം സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി) പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന്ജൂൺ 5 ന് കർണാടക ഒഴികെയുള്ള രാജ്യമെമ്പാടുമുള്ള തിയേറ്ററുകളിൽ തഗ് ലൈഫ് റിലീസ് ചെയ്തു.















