യുവ മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ പിടിയിൽ. ശീതൾ എന്ന സിമ്മി ചൗധരി(23)യെ കാമുകനായിരുന്ന ഇസ്രാന സ്വദേശി സുനിൽ കൊലപ്പെടുത്തിയതെന്ന് പൊലീസ്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി ഇന്നലെ യുവാവിനെ പിടികൂടി. കൊലപാതകം മറയ്‌ക്കാൻ കാർ കനാലിലേക്ക് മറിച്ച് വ്യാജ അപകടം സൃഷ്ടിക്കുകയായിരുന്നു.
ഹരിയാന സോനിപത്തിലെ ഖാർഖൗദയിലായിരുന്നു സംഭവം. യുവതിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ സതീഷ് വാത്സ് പറഞ്ഞു.യുവതി അടുത്തിടെയാണ് കാമുകൻ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമെന്നറിഞ്ഞത്. ഇതോടെ തുടങ്ങിയ തർക്കങ്ങളാണ് കൊലപാതകത്തിൽ അവസനിച്ചത്.
ഹരിയാൻവി മ്യൂസിക് ആൽബത്തിന്റെ മോഡലായിരുന്ന യുവതി പാനിപത്ത് സ്വദേശിനിയാണ്. ആഹർ വില്ലേജിൽ മ്യൂസിക് ആൽബത്തിന്റെ ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞ് ജൂൺ 14-നാണ് യുവതി വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് മടങ്ങിയെത്തിയില്ല. പൊലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ യുവതി കൊല്ലപ്പെട്ടതാണെന്ന് പൊലീസിന് മനസിലായി. മദ്ലൗഡ പൊലീസാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.















