പത്തനംതിട്ട: പമ്പ ഗണപതി ക്ഷേത്രത്തിൽ ജൂൺ 18, 19 20 തീയതികളിലായി അഷ്ടബന്ധ കലശ പൂജകൾ നടക്കും. ജൂൺ 20 ന് രാവിലെ 10.15 നും 11 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് അഷ്ട ബന്ധ കലശം. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തിമാരായ മാധവൻ പോറ്റി, പ്രദീപ് നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 18 വർഷങ്ങൾക്ക് ശേഷമാണ് പമ്പാ ഗണപതി ക്ഷേത്രത്തിൽ അഷ്ട ബന്ധ കലശം നടക്കുന്നത്.
ജൂൺ 18ന് വൈകിട്ട് ആചാര്യ വരണം, ശുദ്ധിക്രിയകൾ (ഗണപതി പൂജ, പ്രാസാദശുദ്ധി, ര ക്ഷോഘ്നഹോമം, വാസ്തു ഹോമം, വാസ്തുബലി, വാസ്തു പുണ്യാഹം, വാസ്തുകലശം, രക്ഷാകലശം) എന്നീ ചടങ്ങുകൾ നടക്കും. 19ന് രാവിലെ ഗണപതി ഹോമം, ബിംബശുദ്ധി ക്രിയകൾ (ചതുർശുദ്ധി, ധാര, പാചകം, പഞ്ചഗവ്യം, നവകം) എന്നീ പൂജകളും വൈകിട്ട് ജലദ്രോണി പൂജ, കുംദേശ കർക്കരി പൂജ, ബ്രഹ്മകലശ പൂജ, പരികലശ പൂജ, അദിവാസ ഹോമം എന്നിവയും നടക്കും.
ജൂൺ 20ന് ഗണപതിഹോമം കലശത്തിങ്കൽ ഉഷപൂജ, മരപ്പാണി, അഷ്ട ബന്ധ ലേപനം, ബ്രഹ്മ കലശാഭിഷേകം, പരി കലശാഭിഷേകം, പ്രസന്ന പൂജ തുടങ്ങിയ ചടങ്ങുകളാണ് ഉള്ളത്. അഷ്ട ബന്ധം നടക്കുന്ന മൂന്നു ദിവസവും ഭക്തർക്ക് പൂജകൾ നേരിൽ കണ്ടു തൊഴാൻ അവസരം ഉണ്ടായിരിക്കും.















