മലപ്പുറം: തിരൂരിൽ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്‌ക്ക് വിറ്റു. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദിലക്ഷ്മി, ഇടനിലക്കാരായ സെന്തിൽകുമാർ, പ്രേമലത എന്നിവരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണ്. മൂന്ന് ലക്ഷം രൂപയ്‌ക്കാണ് ദമ്പതികൾ കുഞ്ഞിനെ വിൽക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് ഒന്നര ലക്ഷം രൂപയ്‌ക്ക് കരാർ ഉറപ്പിക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ സംശയം അയൽക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്.
പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്ന് ഇരുവരും വെളിപ്പെടുത്തിയത്. എന്നാൽ മറ്റ് ദുരുദ്ദേശങ്ങളൊന്നും ഇല്ലായിരുന്നുവെന്നും തന്റെ മകളായി വളർത്താനാണ് കുഞ്ഞിനെ വാങ്ങിയതെന്നുമാണ് ദമ്പതികൾക്ക് പണം നൽകിയ യുവതിയുടെ മൊഴി.















