വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റ് നേതാക്കളെ വധിച്ച് സുരക്ഷാ സേന. കിഴക്കൻ ഗോദാവരി ജില്ലയിലെ മരേഡുമില്ലി വനമേഖലയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിനെത്തുടർന്നായിരുന്നു ഏറ്റുമുട്ടൽ. ആന്ധ്രാപ്രദേശ് ഗ്രേഹൗണ്ട്സും സിആർപിഎഫും ഛത്തീസ്ഗഡ് പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റ് നേതാക്കളെ വധിച്ചത്.
ആന്ധ്ര-ഒഡീഷ ബോർഡർ സ്‌പെഷ്യൽ സോണൽ കമ്മിറ്റി (എഒബിഎസ്‌സി) സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഉദയ് എന്ന ഗജർല രവി, സ്‌പെഷ്യൽ സോണൽ കമ്മിറ്റി അംഗവും ഈസ്റ്റ് ഡിവിഷൻ സെക്രട്ടറിയുമായ അരുണ എന്ന രവി വെങ്കട ലക്ഷ്മി ചൈതന്യ, മറ്റൊരു കേഡർ അഞ്ജു എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
അല്ലൂരി സീതാരാമ രാജു (എഎസ്ആർ) ജില്ലയിലെ മരേഡുമില്ലിക്കും റമ്പാചോദവാരത്തിനും ഇടയിൽ കിന്തുകുരു ഗ്രാമത്തിന് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്.16 പേരടങ്ങുന്ന ഒരു മാവോയിസ്റ്റ് സംഘത്തെ പ്രദേശത്ത് കണ്ടതിനെ തുടർന്ന് ഏകദേശം 25 മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ സേന സ്ഥലത്ത് നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. ബാക്കിയുള്ള മാവോയിസ്റ്റുകൾ ഓടി രക്ഷപ്പെട്ടതിനാൽ നിലവിൽ തെരച്ചിൽ തുടരുകയാണ്.