ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിക്കുന്ന പാക്കിസ്ഥാന്‍ എംപിയുടെ വിഡിയോ വൈറലാകുന്നു. പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയെ അഭിസംബോദന ചെയ്യവേയാണ് പാക്കിസ്ഥാനും ഉത്തര്‍ പ്രദേശും തമ്മിലുള്ള സാമ്പത്തിക വിടവ് വ്യക്തമാക്കിയുള്ള എംപിയുടെ പ്രസംഗം. ബജറ്റ് സെഷനിടെയാണ് പ്രസംഗമെന്നതാണ് ഏറെ ശ്രദ്ധേയം.
ഇന്ത്യയിലെ ഒരു സംസ്ഥാനമായ ഉത്തര്‍ പ്രദേശിന്റെ ബജറ്റും നികുതി വരുമാനവും പാക്കിസ്ഥാനെന്ന രാജ്യത്തിന്റെ ബജറ്റിന്റെ വലുപ്പത്തേക്കാളും നികുതിവരുമാനത്തേക്കാളും കൂടുതലാണെന്ന് കണക്കുകള്‍ നിരത്തി അദ്ദേഹം പറയുന്നുണ്ട്. പാക്കിസ്ഥാന്റെ ബജറ്റ് വിലയിരുത്തലുകളും വിഭവസമഹാരണവുമെല്ലാം പുതിയ പ്രസംഗത്തോടെ വീണ്ടും വിവാദത്തിലായിരിക്കുകയാണ്.
പാക്കിസ്ഥാന്റെ മൊത്തം ബജറ്റ് 62 ബില്യണ്‍ ഡോളറാണെന്നും എന്നാല്‍ ഉത്തര്‍ പ്രദേശിന്റേത് 97 ബില്യണ്‍ ഡോളറാണെന്നും വിഡിയോയില്‍ പറയുന്നു. പാക്കിസ്ഥാന്റെ നികുതി വരുമാനം ഉത്തര്‍ പ്രദേശുമായി താരതമ്യപ്പെടുത്തുമ്പോള്‍ 16 ബില്യണ്‍ ഡോളര്‍ കുറവാണ്.
വിഡിയോ പുറത്തായതോടെ യോഗി ആദിത്യനാഥിന്റെ വികസന മോഡലിന്റെ മികവാണിതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.