ഇന്ത്യൻ പ്രീമിയർ ലീഗിനെ (ഐപിഎൽ) സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്ന് അന്താരഷ്‌ട്ര കളിക്കാർക്ക് ഒരുമിച്ച് കളിക്കളം പങ്കിടാനും അവരുടെ ആശയങ്ങൾ കൈമാറാനാകുമെന്നതുമാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് താരം ജോസ് ബട്ലർ ആർസിബി താരം വിരാട് കോലിയുമായി താൻ നടത്തിയ തുറന്ന സംഭാഷണത്തെക്കുറിച്ചും അദ്ദേഹം തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്.
ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ രണ്ടുപേരാണ് ബട്‌ലറും കോലിയും. ഇരുവരും പലസീസണുകളിലും ടോപ് സ്കോറർമാരായി ഫിനിഷ് ചെയ്തിട്ടുണ്ട്. ആരാധകരുടെ അമിതപ്രതീക്ഷയുടെ സമ്മർദ്ദത്തെ നേരിടാൻ കോലിയുടെ ഉപദേശം തന്നെ സഹായിച്ചുവെന്ന് ബട്‌ലർ വെളിപ്പെടുത്തി. സ്റ്റുവർട്ട് ബ്രോഡിന്റെ ‘ ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ്’ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.
“2022 ലെ ഒരു ഐപിഎൽ സീസണിൽ ഞാൻ 868 റൺസ് നേടി. എന്നാൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാണ് (കോഹ്‌ലി) – 973. അതിനാൽ അടുത്ത സീസൺ എനിക്ക് ബുദ്ധിമുട്ടായി തോന്നി, ‘എനിക്ക് എങ്ങനെ അതിലേക്ക് എത്താൻ കഴിയും’ എന്ന സമ്മർദം തോന്നി,” ബട്ലർ പറഞ്ഞു.
അമിത സമ്മർദ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന കോലിയുടെ മറുപടി തരാം ആവർത്തിച്ചു. ” “നിങ്ങളുടെ ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും മികച്ച സീസണായിരുന്നു അത്. അത് ആദ്യം അംഗീകരിക്കണം. എന്നാൽ അത് ആവർത്തിക്കാൻ ശ്രമിക്കരുത്. സമ്മർദം അനുഭവപ്പെടുമ്പോഴും ഇതും കടന്നുപോകുമെന്ന് ചിന്തിക്കണം,” ബട്ലർ പറഞ്ഞു.
ചില ദിവസങ്ങളിൽ ബാറ്റ് എടുക്കുമ്പോൾ എങ്ങനെ കളിക്കണമെന്ന് അറിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോലിയുടെ വാക്കുകൾ തന്റെ ജീവിതത്തിലും കളിയിലും ഒരുപാട് സ്വാധീനിച്ചതായും ബട്ലർ കൂട്ടിച്ചേർത്തു.















