കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ടോയ്‌ലറ്റ് സൗകര്യം പൊതു ശൗചാലയമായി ഉപയോഗിക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വകാര്യാ പെട്രോൾ പമ്പ് ഉടമകൾ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ഇതോടെ ദീർഘ, ഹ്രസ്വദൂര യാത്രയ്‌ക്കിടെ ആളുകൾ പെട്രോൾ പാമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്നത് ഇനി സാധ്യമാവില്ല.
പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ തീരുമാനം. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളാക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹർജി. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ടോയ്‌ലറ്റ് സൗകര്യങ്ങൾ പൊതുശൗചാലയമായാണ് ആളുകൾ കാണുന്നത്. എന്നാലിത് ആവശ്യ സാഹചര്യത്തിൽ മാത്രം ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനുള്ളവയാണെന്നും പമ്പ് ഉടമകളുടെ ഹർജിയിൽ പറയുന്നു.
ഇന്ധനം നിറയ്‌ക്കാനെത്തുന്ന ആളുകൾക്ക് മാത്രമായി പാമ്പുകളിലെ ശുചിമുറി ഉപയോഗം നിയന്ത്രിക്കണമെന്നാണ് അവരുടെ പ്രധാനപ്പെട്ട ആവശ്യം. പമ്പുടമകൾ പണം ചെലവിട്ട് നിർമ്മിക്കുന്ന ശുചിമുറികൾ പൊതുശൗചാലയമായി കണക്കാക്കുന്നത് പെട്രോൾ പാമ്പുകളുടെ സ്വാഭാവിക രീതിയിലുള്ള പ്രവർത്തനത്തെ തടപ്പെടുത്തുമെന്നും ഹർജിയിലുണ്ട്. തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷനും മറ്റ് ചില പ്രാദേശിക ഭരണകൂടങ്ങളും പെട്രോൾ റിട്ടെയിലർമാർക്ക് പൊതുജനങ്ങൾക്ക് ശുചിമുറികൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പമ്പ് ഉടമകൾ ഹർജി നൽകിയിരിക്കുന്നത്.















