തിരുവനന്തപുരം: മിൽമയുടെ പേരിനോടും ഡിസൈനിനോടും സാമ്യമുള്ള കമ്പനി ആരംഭിക്കുകയും ഉത്പന്നം വിതരണം ചെയ്യുകയും ചെയ്ത സ്വകാര്യ ഡെയറിയ്‌ക്ക് ഒരു കോടി രൂപ പിഴ ചുമത്തി കോടതി. മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ് പിഴ ചുമത്തിയത്. മിൽന എന്ന സ്ഥാപനത്തിനെതിരെയാണ് കേസെടുത്തത്.
തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതിയുടേതാണ് വിധി. മിൽമ കമ്പനി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടൽ. മിൽമയുടേതിന് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് പാലും പാൽ ഉത്പന്നങ്ങളും നിൽക്കുന്നതും ഫോട്ടോകളും മറ്റ് പരസ്യങ്ങളും പ്രചരിപ്പിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.
ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും കോടതി ഫീസും ഉൾപ്പെടെ അടയ്‌ക്കാൻ കോടതി നിർദേശിച്ചു. മിൽമയുടെ പേരിനും ഡിസൈനും സമാനമായാണ് മിൽന കമ്പനി രൂപീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ തന്നെ വലിയ തോതിൽ പരാതികളും വിമർശനങ്ങളും ഇവർക്കെതിരെ ഉയർന്നിരുന്നു. തുടർന്ന് മിൽമ കമ്പനി തന്നെ കോടതിയെ സമീപിക്കുകയായിരുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മിൽമ ചെയർമാൻ അറിയിച്ചു.















