ന്യൂഡൽഹി: ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) ശ്രേണിയിലെ ആദ്യ കപ്പലായ ഐഎൻഎസ് അർണാല, നാവികസേനയിൽ ഔപചാരികമായി കമ്മീഷൻ ചെയ്തു. കഴിഞ്ഞ ദിവസം വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാന്റെ സാന്നിധ്യത്തിലായിരുന്നു കമ്മീഷൻ ചടങ്ങ്.
കിഴക്കൻ നാവിക കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആതിഥേയത്വം വഹിച്ച പരിപാടിയിൽ മുതിർന്ന നാവിക ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്തികൾ, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് (ജിആർഎസ്ഇ), ലാർസൻ & ട്യൂബ്രോ ഷിപ്പ് ബിൽഡിംഗ് എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ, മുൻ ഐഎൻഎസ് അർണാലയിലെ മുൻ കമാൻഡിംഗ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
മഹാരാഷ്‌ട്രയിലെ ചരിത്രപ്രസിദ്ധമായ തീരദേശ കോട്ടയുടെ പേരിലുള്ള ഐഎൻഎസ് അർണാല, 77 മീറ്റർ നീളമുള്ള ഒരു യുദ്ധക്കപ്പലാണ്, 1,490 ടണ്ണിലധികം ഭാരമുണ്ട്. ഡീസൽ എഞ്ചിൻ-വാട്ടർജെറ്റ് പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ നാവിക കപ്പലാണിത്. വിവിധ ആവശ്യങ്ങളാക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇത്, ഉപരിതല നിരീക്ഷണം, പ്രതിരോധം, മറ്റ് സമുദ്ര പ്രവർത്തനങ്ങൾ, തിരയൽ, രക്ഷാ ദൗത്യങ്ങൾ എന്നിവയ്‌ക്ക് പ്രാപ്തമാണ്.
ഇന്ത്യയുടെ ദീർഘകാല പ്രതിരോധ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഭാവിയിലെ സമുദ്ര വെല്ലുവിളികൾക്കുള്ള തയ്യാറെടുപ്പ് വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു ചുവടുവയ്പ്പാണ് ഐഎൻഎസ് അർണാലയുടെ കമ്മീഷനിംഗെന്ന് ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.















