ടെൽഅവീവ്: ഇറാന്റെ വ്യോമാക്രമണത്തിൽ ഇസ്രയേലിലെ പ്രധാന ആശുപത്രി തകർന്നു. തെക്കൻ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയായ സൊറോക്ക മെഡിക്കൽ സെന്ററാണ് ആക്രമിക്കപ്പെട്ടത്. ആശുപത്രിയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവസമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്ന 16 പേർക്ക് പരിക്കേറ്റതായാണ് വിവരം.
ഇസ്രയേലിനെതിരെ കനത്ത ആക്രമണമാണ് ഇറാൻ സൈന്യം നടത്തുന്നത്. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ടെൽഅവീവിലെ നിരവധി കെട്ടിടങ്ങൾ തകർന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ജനതയോട് പ്രതിരോധസേന കഴിഞ്ഞദിവസം ആവശ്യപ്പെട്ടു.
അപകട സൈറണുകൾ മുഴങ്ങി നിമിഷങ്ങൾക്കകമാണ് ആശുപത്രി കെട്ടിടത്തിന് മുകളിൽ ഇറാന്റെ മിസൈൽ പതിച്ചത്. പിന്നാലെ ആളുകളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. ജറുസലേമിലും ടെൽഅവീവിലും തുടർച്ചയായി മിസൈൽ ആക്രമണങ്ങൾ നടന്നിരുന്നു. ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തത്. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജനങ്ങൾ ബങ്കറിലും മറ്റ് സുരക്ഷിത സ്ഥലങ്ങളിലും തുടരാൻ നിർദേശിച്ചിട്ടുണ്ട്.
ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനിലേക്കും ഇസ്രയേൽ പ്രതിരോധസേന ആക്രമണം നടത്തി. ഇറാനിലെ അരക് ആണവകേന്ദ്രം സൈന്യം തകർത്തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഇറാനിയൻ കമാൻഡർമാരുടെ ചിത്രങ്ങളടക്കം ഇസ്രയേൽ പ്രതിരോധസേന പുറത്തുവിട്ടു.















