ബെംഗളൂരു : കർണാടകസംസ്ഥാനത്ത് കുറഞ്ഞ തൊഴിൽ സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി ഉയർത്താനുള്ള നിയമ ഭേദഗതിക്കായി സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കി. കർണാടക ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഭേദഗതി ചെയ്ത് പരമാവധി തൊഴിൽ സമയം 10 മണിക്കൂർ ആക്കുന്നതിന് പുറമേ ഓവർ ടൈം ഉൾപ്പെടെ 12 മണിക്കൂറാക്കാനുമാണ് നീക്കം. ഐടി, ഫിനാൻസ്, അനിമേഷൻ, അക്കൗണ്ടിങ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികളെ ഇതു പ്രതികൂലമായി ബാധിക്കും. ഓവർ ടൈം 3 മാസത്തിൽ 50 മണിക്കൂർ ആയിരുന്നത് 144 മണിക്കൂർ ആക്കി ഉയർത്താൻ നിർദേശിക്കുന്നതാണ് ഭേദഗതി.
എന്നാൽ സർക്കാരി൮ന്റെ ഈ തൊഴിലാളി വിരുദ്ധ നീക്കത്തിന് ഐടി മേഖലയിൽ നിന്നുൾപ്പെടെ പ്രതിഷേധം ഉയരുന്നു. ഇത് സംബന്ധിച്ച് തൊഴിൽ വകുപ്പ് വിധാൻ സൗധയിൽ വിളിച്ചു ചേർത്ത യോഗത്തിൽ കർണാടക സ്റ്റേറ്റ് ഐടി, ഐടീസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) ശക്തമായ എതിർപ്പ് അറിയിച്ചു. തൊഴിൽ സമയം 9 മണിക്കൂറായി പരിമിതപ്പെടുത്തണമെന്ന് യൂണിയൻ പ്രതിനിധികൾ ലേബർ കമ്മിഷണർ എച്ച്.എൻ. ഗോപാലകൃഷ്ണയോട് ആവശ്യപ്പെട്ടു.
2024 ൽ ഐടി മേഖലയിൽ ജോലി സമയം 14 മണിക്കൂറാക്കാൻ സർക്കാർ നീക്കം നടത്തിയിരുന്നു. ഇത് തൊഴിലാളികൾ സംയുക്തമായി നടത്തിയ എതിർപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഇതു കുറച്ച് 12 മണിക്കൂർ ആക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നാണ് ഇപ്പോൾ ലേബർ കമ്മിഷണർ പറയുന്നത്.















