ജോഹന്നാസ്ബർഗ്: ലോക ടെസ്റ്റ് ചാമ്പ്യന്മാരായി തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന് നാട്ടിൽ ഉജ്ജ്വല സ്വീകരണമൊരുക്കി ആരാധകർ. ജോഹന്നാസ്ബർഗിലെ ഒആർ ടാംബോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ ടീമിനെ ദക്ഷിണാഫ്രിക്കൻ കായിക മന്ത്രി ഗെയ്റ്റൺ മക്കെൻസിയും മറ്റ് ക്രിക്കറ്റ് പ്രമുഖരും സ്വീകരിച്ചു.
രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന വികസന സംരംഭമായ കെഎഫ്‌സിയുടെ മിനി ക്രിക്കറ്റ് പ്രോഗ്രാമിലെ കുട്ടികൾ, ഐഡൻ മാർക്രാമിന്റെ പ്രിട്ടോറിയ ബോയ്‌സ് ഹൈസ്‌കൂൾ തുടങ്ങി കളിക്കാരുടെ മുൻ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, വിയാൻ മുൾഡറുടെ സഹോദരൻ എന്നിവർ സ്വീകരിക്കാനെത്തിയവരിൽ പെടുന്നു.

പ്രത്യേകം ഡിസൈൻ ചെയ്ത ചാമ്പ്യൻസ് എന്നെഴുതിയ ടീ ഷർട്ട് ധരിച്ചാണ് കളിക്കാർ എത്തിയത്. അവർ ആരാധകരിൽ നിന്ന് പൂച്ചെണ്ടുകൾ സ്വീകരിക്കുകയും ഓട്ടോഗ്രാഫുകൾ ഒപ്പിട്ട് നൽകുകയും ചെയ്തു. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ഓഫീസിൽ കളിക്കാർക്ക് ബ്രാസ് ബാൻഡുകൾ നൽകി.
“ഇത് വളരെ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ്. ഞങ്ങൾക്കായി വിമാനത്താവളത്തിൽ ഇത്രയധികം ആളുകളെ ഇതിന് മുമ്പ് കണ്ടിട്ടില്ല,”ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ടെംബ ബവുമ പറഞ്ഞു.
ഫൈനലിൽ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടിയ ദക്ഷിണാഫ്രിക്ക 27 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഐസിസി ട്രോഫി സ്വന്തമാക്കുന്നത്.















