ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് കേടുപാട് പറ്റിയതായി റിപ്പോർട്ട്. അതിനാൽ ഡാറ്റ വീണ്ടെടുക്കാൻ ബ്ലാക്ക് ബോക്സ് യുഎസിലേക്ക് അയക്കേണ്ടി വന്നേക്കും. വാഷിംഗ്ടൺ ആസ്ഥാനമായുള്ള നാഷണൽ സേഫ്റ്റി ട്രാൻസ്പോർട്ട് ബോർഡിന്റെ (NTSB) ലബോറട്ടറിയിലേക്കാണ് ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (FDR) അയക്കുകയെന്ന് ദേശീയ മാദ്ധ്യത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ബ്ലാക്ക് ബോക്സിലെ ഡാറ്റ വീണ്ടെടുത്താൽ മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കൂ. കേന്ദ്രസർക്കാരിന്റെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ആണ് വിമാനദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്നത്. യുഎസ് ഏജൻസി ഡാറ്റ എഎഐബിക്ക് കൈമാറും.
വിമാനത്തിന് തീപിടിച്ചതിന് പിന്നാലെ അപകടം നടന്ന സ്ഥലത്തെ താപനില 1,000 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നിരുന്നു. ഇതായിരിക്കാം ബ്ലാക്ക് ബോക്സിന് കേടുപാട് സംഭവിക്കാൻ കാരണമെന്നാണ് നിഗമനം.















