ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരം നാളെ തുടങ്ങാനിരിക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി സ്റ്റാർ ബാറ്ററുടെ പരിക്ക് ഭീഷണി. ഇന്ത്യൻ ബാറ്റർ കരുൺ നായർക്കാണ് നെറ്റ്സിൽ പരിശീലനത്തിനിടെ പരിക്കേറ്റത്. പേസർ പ്രസിദ്ധ് കൃഷ്‍ണയുടെ പന്തുകൾ നേരിടുന്നതിനിടെയാണ് സംഭവം.
പ്രസിദ്ധ് എറിഞ്ഞ പന്ത് താരത്തിന്റെ വാരിയെല്ലിൽ കൊണ്ട് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കരുൺ ചെറിയ അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും ചെറിയ ഇടവേളയ്‌ക്ക് ശേഷം പരിശീലനം പുനരാരംഭിച്ചത് ആരാധകർക്ക് ആശ്വാസമായി. 33 കാരനായ താരത്തിന് നിലവിൽ ഗുരുതര പരിക്കുകളൊന്നുമില്ലെന്നാണ് സൂചന. നാളെ ലീഡ്‌സിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ കരുൺ കളിക്കുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.
നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടിയ കരുൺ നായർക്ക് 2017 ന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരം കളിക്കാനുള്ള അവസരമാണിത്. ആഭ്യന്തരക്രിക്കറ്റിലെ മികച്ച ഫോമാണ് സെലക്ടർമാർ പലതവണ അവഗണിച്ച താരത്തിന് തിരിച്ചുവരവിനുള്ള വഴിയൊരുക്കിയത്.
അതേസമയം, ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ ആതിഥേയർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ക്രിസ് വോക്‌സ് ഇംഗ്ലണ്ട് നിരയിലേക്ക് തിരിച്ചെത്തിയപ്പോൾ, ജേക്കബ് ബെഥേലിനു പകരക്കാരനായി ഒല്ലി പോപ്പിന് അവസരം ലഭിച്ചു. കണങ്കാലിനേറ്റ പരിക്കുമൂലം കഴിഞ്ഞ രണ്ട് ടെസ്റ്റുകളിൽ നിന്ന് വിട്ടുനിന്ന വോക്സ്, സാം കുക്കിന് പകരക്കാരനാകും. ഹാംസ്ട്രിംഗ് പ്രശ്‌നം കാരണം വിശ്രമത്തിലായ ഗസ് ആറ്റ്കിൻസണിന് പകരക്കാരനായി ബ്രൈഡൺ കാർസും ടീമിലെത്തി.















