സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ജെഎസ്കെ (ജാനകി vs സ്റ്റേറ്റ് ഓഫ് കേരള) ജൂൺ 27-ന് തിയേറ്ററുകളിലെത്തും. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. ജൂൺ 20-ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് ഇത് മാറ്റിവയ്‌ക്കുകയായിരുന്നു.
കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റാണ് ചിത്രം നിർമിക്കുന്നത്. ഫനീന്ദ്ര കുമാറാണ് ചിത്രത്തിന്റെ നിർമാതാവ്. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സുരേഷ് ഗോപിയുടെ മാസ് പ്രകടനമായിരിക്കും ചിത്രത്തിൽ ഉണ്ടാവുക എന്നാണ് പ്രേക്ഷകപ്രതീക്ഷ.
ഫാമിലി എന്റർടൈൻമെന്റ് ചിത്രമാണ് ജെഎസ്കെ. ചിന്താമണി കാെലക്കേസ് എന്ന സിനിമയ്‌ക്ക് ശേഷം ആദ്യമായാണ് വക്കീൽ വേഷത്തിൽ സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. അനുപമ പരമേശ്വരനാണ് നായിക. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് അനുപമ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്.
ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും ചിത്രത്തിൽ നായികാവേഷത്തിൽ എത്തുന്നു. അസ്കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.















