തങ്ങളുടെ പേരിലുള്ള ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫി അനാവരണം ചെയ്ത് ഇതിഹാസങ്ങളായ സച്ചിനും ജെയിംസ് ആൻഡേഴ്സണും. ഹെഡിങ്ലിയിലെ ലീഡ്സിൽ നാളെയാണ് പരമ്പരയിൽ ആദ്യ മത്സരം. ജേതാക്കൾക്ക് നൽകുന്ന പട്ടൗഡി ട്രോഫിയാണ് ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫി എന്ന് പുനഃനാമകരണം ചെയ്തത്. ട്രോഫിയിൽ സച്ചിന്റെയും ആൻഡേഴ്സന്റെയും ചിത്രങ്ങളും ഒപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് അനാവരണ ചടങ്ങ് സംഘടിപ്പിച്ചത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ 75-ാം വർഷികത്തിന്റെ സ്മരണയിലാണ് പരമ്പരയ്‌ക്ക് പട്ടൗഡി ട്രോഫിയെന്ന് പേര് നൽകിയത്.ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെൻഡുൽക്കറിനും ജെയിംസ് ആൻഡേഴ്സണും ആദരവ് നൽകുന്നതിനാണ് പരമ്പരയിലെ ജേതാക്കൾക്ക് നൽകുന്ന ട്രോഫി പുനഃനാമകരണം ചെയ്തത്.
1989-2013 കാലഘട്ടങ്ങളിൽ ഇന്ത്യക്കായി 200 ടെസ്റ്റ് കളിച്ച സച്ചിൻ ടെൻഡുൽക്കർ 15,921 റൺസുമായി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനാണ്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ ആൻഡേഴ്സൺ സ്വന്തമാക്കിയത് 704 വിക്കറ്റുകളാണ്.















