ബെംഗളൂരു: ഭവന പദ്ധതികളിൽ മുസ്ലീം സമുദായങ്ങൾക്കടക്കം സംവരണം വർദ്ധിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി. സർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന പാർട്ടി പ്രസിഡന്റ് വിജയേന്ദ്ര യെദ്യൂരപ്പ ആരോപിച്ചു.
എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കോൺഗ്രസ് സർക്കാർ ക്ഷേമപ്രവർത്തനങ്ങളെ വോട്ട് ബാങ്ക് രാഷ്‌ട്രീയമാക്കി മാറ്റുകയാണെന്ന് വിജയേന്ദ്ര ആരോപിച്ചു, പുതിയ സംവരണ നയം എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് അവരുടെ ന്യായമായ അവസരങ്ങൾ നിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്! കർണാടകയിലെ @INCKarnataka ക്ഷേമപ്രവർത്തനങ്ങളെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനുള്ള ഒരു വിപണിയാക്കി മാറ്റിയിരിക്കുന്നു. ആദ്യം, സർക്കാർ കരാറുകളിൽ 4% സംവരണം. ഇപ്പോൾ, ഭവന പദ്ധതികളിൽ 15% സംവരണം. ഈ പ്രീണനം എവിടെ അവസാനിക്കും? ഇത് വർഗീയ വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ്. ഇത് പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങളുടെ അവകാശപ്പെട്ട അവസരങ്ങൾ കവർന്നെടുക്കുകയാണ്,” അദ്ദേഹം കുറിച്ചു.
പൊതുയോഗങ്ങളിൽ കോണ്ഗ്രക്സ് ഉയർത്തിപ്പിടിക്കാറുള്ള ഭരണഘടനാ വർ ഒരിക്കലെങ്കിലും വായിച്ച് നോക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതത്തിന്റെ പേരിലല്ല മറിച്ച് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്കാണ് സംവരണം നൽകേണ്ടതെന്നും ബിജെപി നേതാവ് വാദിച്ചു.
നേരത്തെ കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിയും കോൺഗ്രസ് സർക്കാരിന്റെ ഇ നീക്കത്തെ അപലപിച്ചിരുന്നു. വിവിധ ഭവന പദ്ധതികൾക്ക് കീഴിലുള്ള ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സംവരണ ക്വാട്ട 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിക്കാൻ വ്യാഴാഴ്ചയാണ് കർണാടക മന്ത്രിസഭ അംഗീകാരം നൽകിയത്. ഈ നീക്കത്തിന് പുതിയ നിയമങ്ങളൊന്നും തയ്യാറാക്കേണ്ട ആവശ്യമില്ലെന്നാണ് കർണാടക മന്ത്രി എച്ച്.കെ. പാട്ടീലിന്റെ വാദം.