കോട്ടയം: കൂട്ടിക്കൽ ഉരുൾപൊട്ടലിലെ ദുരിതബാധിതക്ക് സേവാഭാരതി നിർമിച്ച വീടുകളുടെ താക്കോൽ ദാനം ജൂൺ 23 ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കും. സേവാഭാരതിയുടെ ‘തലചായ്‌ക്കാൻ ഒരിടം’ പദ്ധതിയുടെ ഭാഗമായാണ് എട്ട് വീടുകളാണ് നിർമിച്ചത്.
2021 ഒക്ടോബർ 21 നാണ് കൂട്ടിക്കൽ കൊക്കയാർ ജനതയുടെ ജീവിതം കീഴ്മേൽ മറിച്ച ഉരുൾപൊട്ടലുണ്ടായത്. നിരവധി കുടുംബങ്ങൾക്ക് വാസസ്ഥലം അടക്കം സർവ്വതും നഷ്ടമായി. ദുരന്തത്തിന് മുന്നിൽ പകച്ച നിന്ന കുടുംബങ്ങൾക്ക് സേവാഭാരതി അന്ന് നൽകിയ വാക്കാണ് വരുന്ന തിങ്കളാഴ്ത പാലിക്കപ്പെടുന്നത്.
12 കുടുംബങ്ങൾക്ക് വീട് വച്ചു നൽകാനായിരുന്നു സേവാഭാരതിയുടെ തീരുമാനം. സ്വന്തമായി ഭൂമിയുണ്ടായ നാല് കുടുംബങ്ങൾക്ക് നേരത്തെ വീട് നിർമിച്ച് നൽകിയിരുന്നു. തുടർന്ന് ഭൂമിയിലാത്ത എട്ട് കുടുംബങ്ങൾക്കായി കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിൽ 50 സെന്റ് സ്ഥലം സേവാഭാരതി വാങ്ങി. അഞ്ച് സെന്റിൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഓരോ വീടും പണിതത്. മുൻപ് ഇവർ താമസിച്ച പ്രദേശത്തേക്കാൾ സുരക്ഷിതമാണ് ഇവിടം. വസ്തുവിന്റെയും വീടിന്റെയും ഉടമസ്ഥാവകാശവും ക്രയവിക്രയവും പൂർണ്ണമായും ദുരന്തബാധിത കുടുംബങ്ങൾക്കാണ്.
കൊടുങ്ങ സുബ്രമണ്യസ്വാമി ക്ഷേത്ര മൈതാനിയിലാണ് ചടങ്ങുകൾ നടക്കുക. സംപൂജ്യ ഗരുഡധ്വജാനന്ത തീർത്ഥപാദരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രീയ സ്വയം സേവകസംഘം ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദർശൻ സേവാ സന്ദേശം നൽകും. കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്, സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷൻ രഞ്ജിത് വിജയഹരി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.















