റാഞ്ചി: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാസേന. നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി നടന്ന തിരിച്ചിലിനിടെ ഛോട്ടെബേതിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനപ്രദേശത്ത് വെടിവയ്‌പ്പുണ്ടാവുകയായിരുന്നു.
ജില്ലാ റിസർവ് ഗാർഡിന്റെയും (ഡിആർജി) അതിർത്തി സുരക്ഷാ സേനയുടെയും (ബിഎസ്എഫ്) സംയുക്ത സംഘമാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. കോട്രി നദിയുടെ മറുവശത്ത് മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
വെടിവെയ്പ്പ് അവസാനിച്ച ശേഷം പ്രദേശത്ത് നടത്തിയ തെരച്ചിലിൽ ഒരു വനിതാ മാവോയിസ്റ്റിന്റെ മൃതദേഹവും ആയുധങ്ങളും കണ്ടെത്തി. ഇതോടെ ജനുവരിമുതൽ സംസ്ഥാനത്തെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലുകളിൽ 13 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.