പട്ന: കുടുംബാധിപത്യ രാഷ്‌ട്രീയത്തിൽ ആർജെഡി- കോൺഗ്രസ് പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരമോഹികളായ ആളുകൾ അവരുടെ കുടുംബത്തിന്റെ പുരോഗമനത്തിന് വേണ്ടിയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവരുടെ കുടുംബങ്ങൾ സമ്പന്നരായപ്പോൾ ജനങ്ങൾ ദരിദ്രരായെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ സിവാനിൽ സംഘടിപ്പിച്ച പരിപാടിയിൽ 10,000 കോടിയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സബ്കാ സാത്ത്, സബ്കാ വികാസ് എന്ന് നമ്മൾ പറയുന്നു. എന്നാൽ ആർജെഡിയും കോൺഗ്രസും പരിവാർ കാ സാത്ത്, പരിവാൻ കാ വികാസ് എന്നതിലാണ് വിശ്വസിക്കുന്നത്. കോൺഗ്രസ്- ആർജെഡി നേതാക്കളും അവരുടെ കുടുംബങ്ങളും സമ്പന്നരായപ്പോൾ ആളുകൾ ദരിദ്രരായി തുടങ്ങി. ഇതിന്റെ ഏറ്റവും വലിയ ഇരകളാണ് ദളിത്, പിന്നാക്ക വിഭാഗങ്ങൾ”.
“ബിആർ അംബേദ്കറുടെ ഛായാചിത്രത്തോട് ലാലു പ്രസാദ് യാദവ് അനാദരവ് കാണിച്ചതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഭരണഘടനാ ശിൽപിയെ അപമാനിച്ചവരോട് ബിഹാറിലെ ജനങ്ങൾ ഒരിക്കലും ക്ഷമിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആർജെഡിയും കോൺഗ്രസും ബിഹാർ വിരുദ്ധരും നിക്ഷേപ വിരുദ്ധരുമാണ്. സംസ്ഥാന വികസനത്തിനുള്ള ഫണ്ട് രാഷ്‌ട്രീയ കക്ഷികൾ കൊള്ളയടിച്ചു. അവർ രാഷ്‌ട്രീയത്തെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം കടകളിലും ബിസിനസുകളിലും വ്യാപാരസ്ഥാപനങ്ങളിലും പൂട്ട് വീഴുകയാണ്”.
ഏറ്റവും കൂടുതൽ അന്തർസംസ്ഥാന കുടിയേറ്റക്കാരുള്ളത് ബിഹാറിലാണ്. സംസ്ഥാനത്തെ ദാരിദ്ര്യത്തിനും തൊഴിലാളികളുടെ കുടിയേറ്റത്തിനും ഉത്തരവാദി ആർജെഡിയും കോൺഗ്രസുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.















