എറണാകുളം: ലഹരി ഉപയോഗത്തിനെ തുടർന്ന് സിനിമയ്‌ക്കുണ്ടാകുന്ന നഷ്ടങ്ങൾ അഭിനേതാക്കൾ തന്നെ നികത്തണമെന്ന് നിർമാതാക്കൾ. ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാനാണ് നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. സിനിമയ്‌ക്കുള്ള കരാറിനൊപ്പം സത്യവാങ്മൂലവും വാങ്ങും.
ജൂൺ 26 മുതൽ ഇത് നടപ്പിലാക്കാനാണ് തീരുമാനം. അഭിനേതാക്കളിൽ നിന്ന് മാത്രമാണ് നിലവിൽ സത്യവാങ്മൂലം വാങ്ങുക. അടുത്ത ഘട്ടത്തിൽ സാങ്കേതികപ്രവർത്തകരിൽ നിന്നും ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം വാങ്ങുമെന്ന് നിർമാതാക്കൾ അറിയിച്ചു.
സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം വർദ്ധിക്കുകയാണ്. യുവഅഭിനേതാക്കൾ ഉൾപ്പെടെയുള്ളവർ ലഹരി ഉപയോഗിക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ലഹരി ഉപയോഗം കാരണം ലൊക്കേഷനിൽ സമയത്ത് എത്താതെയും, ഷെഡ്യൂൾ മാറ്റുകയുമൊക്കെ ചെയ്തിട്ടുണ്ട്. തുടർന്ന് നിരവധി സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാകുന്നത് പതിവാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി നിർമാതാക്കൾ രംഗത്തെത്തിയത്.















