കുഞ്ഞുങ്ങൾക്ക് ഈ അക്കാദമിക വർഷത്തെ സമ്മാനം എന്ന് കൊട്ടിഘോഷിച്ചാണ്, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉച്ചഭക്ഷണത്തിന്റെ മെനു പരിഷ്കരണം പ്രഖ്യാപിച്ചത്. പരിഷ്കരിച്ച മെനു പ്രകാരം ആഴ്‌ചയിൽ ഒരു ദിവസം വെജിറ്റബിൾ ബിരിയാണിയോ ഫ്രൈഡ് റൈസോ നൽകുമെന്നാണ് പറയുന്നത്. കേട്ടപ്പോൾ എല്ലാവർക്കും കൊള്ളാമെന്ന് തോന്നിയെങ്കിലും അദ്ധ്യപകർ ഇത് കേട്ട് ശരിക്കും ഞെട്ടി.
കാരണം 6. 78 രൂപയാണ് ഒരു കുട്ടിക്ക് ഉച്ചഭക്ഷണത്തിന് സർക്കാർ അനുവദിക്കുന്ന തുക. യുപിക്കാണെങ്കിൽ 10. 17 രൂപയും. പാചകവാതകം, സാധനങ്ങളുടെ കടത്തുകൂലി, പച്ചക്കറി, പലവ്യഞ്ജനം അടക്കം എല്ലാത്തിനും കൂടിയാണ് ‘വൻ’ തുക നൽകുന്നത്. താഴ്ന്ന ക്വാളിറ്റി ബിരിയാണി അരിക്ക് കിലോഗ്രാമിന് 75 രൂപയോളം വരും. കൂടാതെ നെയ്യും കശുവണ്ടിയും പച്ചക്കറിയും വേറെ.
പഴയ മെനു പ്രകാരം ഉച്ചഭക്ഷണം നൽകാൻ അദ്ധ്യപകർ പാടുപെടുകയാണ്. പലരും ഈ വകയിൽ ലക്ഷങ്ങളുടെ കടക്കാരായി മാറി. ഇതിന് പിന്നാലെയാണ് ബിരിയാണിയും കൂടി മെനുവിൽ ഇടം പിടിച്ചത്. മെനു പരിഷ്കരണം എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അതിനുള്ള തുക കൂടി അനുവദിക്കണമെന്നാണ് ആവശ്യം.
നിലവിൽ 500 കുട്ടികൾക്ക് രണ്ട് പാചകതൊഴിലാളിയാണ് സ്കൂളിലുള്ളത്. രണ്ട് പേരെ കൊണ്ട് പുതിയ മെനു പ്രകാരമുള്ള ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്നും അദ്ധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നൂറ് കുട്ടികൾക്ക് രണ്ട് പാചകത്തൊഴിലാളികളെ നിയമിക്കണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.















