ന്യൂഡെല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇവി കമ്പനിയായ ടെസ്‌ല ജൂലൈയില്‍ ഇന്ത്യയിലെ ആദ്യ ഷോറൂമുകള്‍ തുറക്കും. ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയിലേക്ക് ടെസ്ലയുടെ ഔദ്യോഗിക പ്രവേശനം നടക്കും. ജൂലൈ പകുതിയോടെ മുംബൈയിലാവും ആദ്യ ഷോറൂം തുറക്കുക. പിന്നാലെ ന്യൂഡെല്‍ഹി ഷോറൂമും തുടക്കും.
മെയ്ഡ് ഇന്‍ ചൈന
ഇന്ത്യയില്‍ വില്‍ക്കാനുള്ള കാറുകളുടെ ആദ്യ ശ്രേണി ടെസ്ല എത്തിച്ചിട്ടുണ്ട്. ടെസ്‌ലയുടെ ചൈനയിലെ ഷാംഗ്ഹായിയിലെ ഫാക്ടറിയില്‍ നിര്‍മിച്ച മോഡല്‍ വൈ റിയര്‍വീല്‍ െ്രെഡവ് എസ്‌യുവികളാണ് ഇവ. ലോകത്തിലെ ഏറ്റവും വില്‍പ്പനയുള്ള ഇലക്ട്രിക് കാറാണ് മോഡല്‍ വൈ. യുഎസ്, ചൈന, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്ന് സൂപ്പര്‍ചാര്‍ജര്‍ പാര്‍ട്‌സുകള്‍, കാര്‍ ആക്‌സസറികള്‍, ഉല്‍പ്പന്നങ്ങള്‍, സ്‌പെയറുകള്‍ എന്നിവയും ഇറക്കുമതി ചെയ്തിട്ടുണ്ട്.
വില അല്‍പ്പം കൂടുതല്‍
31988 ഡോളര്‍ അഥവാ ഏകദേശം 28 ലക്ഷം രൂപ വിലയാണ് മോഡല്‍ വൈക്ക് ഇട്ടിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി നികുതി 24,250 ഡോളര്‍ (ഏകദേശം 21 ലക്ഷം രൂപ). എല്ലാം ചേര്‍ത്ത് 56000 ഡോളറാവും (ഏകദേശം 49 ലക്ഷം രൂപ) നികുതികള്‍ക്കും ഇന്‍ഷുറന്‍സിനും മുന്‍പുള്ള തുക എന്നാണ് അനുമാനിക്കുന്നത്. ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് ഈ വില അനാകര്‍ഷകമാവും എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
ഇന്ത്യന്‍ പ്രതീക്ഷകള്‍
യൂറോപ്പിലും ചൈനയിലും വില്‍പ്പന ഇടിഞ്ഞുകൊണ്ടിരിക്കെയാണ് വളര്‍ച്ച തേടി മസ്‌കിന്റെ ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നത്. താരിഫുകളും പ്രാദേശിക ഉല്‍പ്പാദനവും സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങള്‍ കാരണം മസ്‌ക് വളരെക്കാലമായി പ്രവേശനത്തിന് കാത്തിരിക്കുന്ന ഒരു വിപണിയാണ് ഇന്ത്യ. ഫെബ്രുവരിയില്‍ യുഎസില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മസ്‌ക് കണ്ടുമുട്ടിയതിന് ശേഷമാണ് ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനത്തില്‍ വഴിത്തിരിവ് ഉണ്ടായത്.
മോഡല്‍ വൈ ഇന്ത്യന്‍ വിപണിയിലേക്കുള്ള ഒരു പ്രാരംഭ ചുവടുവയ്പ്പായാണ് ടെസ്ല കാണുന്നത്. കൂടുതല്‍ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നത് ഉള്‍പ്പെടെ സാന്നിധ്യം വിപുലീകരിക്കാന്‍ ടെസ്‌ല പദ്ധതിയിടുന്നു. കര്‍ണാടകയില്‍ ഒരു വെയര്‍ഹൗസ് കമ്പനി പാട്ടത്തിനെടുത്തിട്ടുണ്ട്. ഡെല്‍ഹിക്ക് സമീപം ഗുരുഗ്രാമിലും ഷോറൂം ആരംഭിക്കാനാണ് പദ്ധതി.















