ചെന്നൈ: വംശനാശഭീഷണി നേരിടുന്ന വ്യത്യസ്തയിനം കുരങ്ങുകളും ആമകളുമായി ബാങ്കോക്കിൽ നിന്നെത്തിയ യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. കാരിബാഗുകളിൽ ഒളിപ്പിച്ച നിലയിൽ രണ്ട് കുരങ്ങുകളും ഏഴ് ആമകളുമാണ് പിടികൂടിയത്. യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും മൃഗങ്ങളെ തായ്ലാൻഡിലേക്ക് തിരിച്ചയയ്‌ക്കുകയും ചെയ്തു.
വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും സസ്യങ്ങളെയും ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നത് കുറ്റകരമാണ്. അനുമതിയില്ലാതെ മൃഗങ്ങളെ വിൽക്കുന്നതും വാങ്ങുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം നിരോധിച്ചിരുന്നു.
തായ്ലാൻഡ് ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് മൃഗങ്ങളെ കടത്തുന്ന നിരവധി കേസുകൾ ചെന്നൈ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ അപൂർവയിനം പാമ്പുകളും ആമകളും കുരങ്ങുകളുമായി ബാങ്കോക്കിൽ നിന്നും എത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടിയിരുന്നു.
2022-ൽ ചെന്നൈ വിമാനത്താവളത്തിൽ 11 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അപൂർവയിനം മൃഗങ്ങളെ ഏറ്റവുമധികം കൊണ്ടുവരുന്നത് തായ്ലാൻഡ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്.















