ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ യോഗാദിനാചരണത്തിൽ പങ്കെടുത്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഗവർണർ ഗുർമീത് സിംഗിനും മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കുമൊപ്പമാണ് രാഷ്ട്രപതി യോഗയിൽ പങ്കെടുത്തത്. ‘ഒരു ഭൂമിക്ക് വേണ്ടി ഒരു ആരോഗ്യത്തിന് വേണ്ടി യോഗ’ എന്നതാണ് ഈ വർഷത്തെ പ്രമേയം. സംസ്ഥാനത്തെ നിരവധി പേർ യോഗയുടെ ഭാഗമായി.
വിശാഖപട്ടണത്ത് നടന്ന യോഗാദിനാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുകയും ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. കശ്മീരിലെ ഉധംപൂരിൽ നടന്ന യോഗാദിന സംഗമത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്തു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പൊതുജനങ്ങളോടൊപ്പം യോഗാദിനാചരണത്തിൽ പങ്കാളിയായി.
കശ്മീരിലെ ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ അതിർത്തി സുരക്ഷാസേന യോഗാദിനം ആഘോഷിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യത്തെ ശക്തിപ്പെടുത്താൻ യോഗയ്ക്ക് സാധിക്കുമെന്ന് ബിഎസ്എഫ് ഡിഐഡജി ചിത്രപാൽ വ്യക്തമാക്കി.















