ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ നൽകിയ തിരിച്ചടിയിൽ പാകിസ്ഥാന് മുട്ടുകുത്തേണ്ടി വന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും ഇസ്ലാമാബാദിന് വലിയ വിലനൽകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജമ്മു കശ്മീരിലെ ഉധംപൂരിലുള്ള നോർത്തേൺ കമാൻഡിലെ സൈനികരുമായി സംവദിക്കവേ, ഓപ്പറേഷൻ സിന്ദൂർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ഭീകരതയിലൂടെ ഇന്ത്യയെ മുറിവേൽപ്പിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങൾ വിജയിക്കില്ലെന്നും പ്രതിരോധമന്ത്രി ആവർത്തിച്ചു.
“നമ്മൾ അവരുടെ പദ്ധതികൾ പരാജയപ്പെടുത്തുക മാത്രമല്ല, പാകിസ്ഥാന് മുട്ടുകുത്തേണ്ടി വരുന്ന തരത്തിൽ പ്രതികാര നടപടിയും സ്വീകരിച്ചു. ഇന്ത്യൻ മണ്ണിൽ നടക്കുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥാന് വലിയ വില നൽകേണ്ടിവരും,” പ്രതിരോധ മന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനെ വെറുമൊരു സൈനിക നടപടിയല്ലെന്നും അതിർത്തിക്കപ്പുറത്തുള്ള ഭീകരർക്കും അവരെ പിന്തുണയ്‌ക്കുന്നവർക്കും ഒരു മുന്നറിയിപ്പാണെന്നും രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും കോട്ടം സംഭവിച്ചാൽ ഇന്ത്യ ഉചിതമായ മറുപടി നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര താവളങ്ങൾ നശിപ്പിക്കുന്നതിൽ സായുധ സേനകളുടെയും രഹസ്യാന്വേഷണ ഏജൻസികളുടെയും കൃത്യത, ഏകോപനം, ധൈര്യം എന്നിവയെ അദ്ദേഹം പ്രശംസിച്ചു.















