ന്യൂഡൽഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നേപ്പാളിലെയും ശ്രീലങ്കയിലെയും പൗരന്മാരെയും ഓപ്പറേഷൻ സിന്ധുവിലൂടെ ഒഴിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. നേപ്പാൾ, ശ്രീലങ്കൻ സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യയുടെ നടപടി.
“നേപ്പാൾ, ശ്രീലങ്ക സർക്കാരുകളുടെ അഭ്യർത്ഥനകൾ പ്രകാരം, ഇന്ത്യൻ എംബസിയുടെ ഒഴിപ്പിക്കൽ ദൗത്യങ്ങളിൽ അവരുടെ പൗരന്മാരെയും ഉൾപ്പെടുത്തും,” ടെഹ്‌റാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഈ പൗരന്മാർക്കായി അടിയന്തര കോൺടാക്റ്റ് നമ്പറുകൾ എംബസി നൽകിയിട്ടുണ്ട്, സഹായത്തിനായി ഉടൻ ബന്ധപ്പെടാൻ അവരോട് അഭ്യർത്ഥിച്ചു. അടിയന്തര നമ്പറുകൾ ഇവയാണ്: +989010144557, +989128109115, +989128109109.
അതേസമയം ഇറാനിലെ സംഘർഷം മൂലം ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യയുടെ ഓപ്പറേഷൻ സിന്ധു തുടരുകയാണ്. ശനിയാഴ്ച, തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്തിൽ നിന്ന് ഇന്ത്യൻ പൗരന്മാരുടെ സംഘത്തെ വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഡൽഹിയിലെത്തി. നേരത്തെ 290 ഇന്ത്യൻ വിദ്യാർത്ഥികളെ ഇറാനിലെ മഷാദിൽ നിന്ന് സുരക്ഷിതമായി തിരികെ കൊണ്ടുവന്നിരുന്നു.
സംഘർഷത്തിനിടയിൽ കുടുങ്ങിപ്പോയ പൗരന്മാരെ തിരികെയെത്തിക്കാൻ ഇറാൻ ഇന്ത്യക്കായി വ്യോമപാത തുറന്നു തന്നതും ദൗത്യത്തിന് സഹായകമായി. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇതുവരെ 517 ഇന്ത്യൻ പൗരന്മാരെ ഇറാനിൽ നിന്ന് ഒഴിപ്പിച്ചു. ഈ ആഴ്ച ആദ്യം, ഉർമിയ സർവകലാശാലയിലെ 110 വിദ്യാർത്ഥികളെ കരമാർഗം അർമേനിയയിലേക്ക് മാറ്റിയ ശേഷം ഡൽഹിയിലേക്ക് വിമാനമാർഗം എത്തിച്ചിരുന്നു. കൂടുതൽ വിമാന സർവീസുകളും ഒഴിപ്പിക്കലുകളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.















