ന്യൂഡെല്‍ഹി: 2024 ല്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയായി വര്‍ദ്ധിച്ച് 37000 കോടി രൂപയില്‍ (354 കോടി സ്വിസ് ഫ്രാങ്ക്) എത്തി. 2021 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. 2023 ല്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപം 70% ഇടിഞ്ഞിരുന്നു.
ഇന്ത്യക്കാര്‍ നേരിട്ടു നടത്തിയിരിക്കുന്നത് ആകെ നിക്ഷേപത്തിന്റെ 11% (3675 കോടി രൂപ) മാത്രമാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ മറ്റ് ബാങ്കുകള്‍ വഴിയും ധനകാര്യ സ്ഥാപനങ്ങള്‍ വഴിയും മറ്റുമാണ് തുകയുടെ സിംഹഭാഗവും എത്തിയിരിക്കുന്നത്.
കള്ളപ്പണ ആശങ്കകള്‍
സ്വിസ് ബാങ്കുകളിലെ നിക്ഷേപം കള്ളപ്പണ നിക്ഷേപമാണെന്ന ആശങ്കകള്‍ ഇപ്പോഴും സജീവമാണ്. ഇപ്പോഴും രഹസ്യാത്മകത നിലനിര്‍ത്തുന്നവയാണ് സ്വിസ് ബാങ്ക് നിക്ഷേപങ്ങള്‍. എന്നാല്‍ സ്വിസ് ബാങ്കുകളില്‍ ഇന്ത്യന്‍ ആസ്തികള്‍ ഉണ്ടെന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് സ്വിസ് അധികൃതര്‍ ആവര്‍ത്തിക്കുന്നു. ലോകത്തെ ഏറ്റവും സുസ്ഥിരമായ കറന്‍സിയാണ് സ്വിസ് ഫ്രാങ്ക്. പ്രതികൂല സാഹചര്യങ്ങളും മൂല്യം ഇടിയാത്തത് ഇതിനെ നിക്ഷേപകരുടെ പ്രിയ ആസ്തിയാക്കി മാറ്റുന്നു.
ഇന്ത്യയുമായി നികുതി കാര്യങ്ങളില്‍ തുടര്‍ച്ചയായി സഹകരിക്കുന്നുണ്ടെന്ന് സ്വിസ് കേന്ദ്ര ബാങ്ക് അധികൃതര്‍ പറയുന്നു. 2018 മുതല്‍ ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ (എഇഒഐ) കരാര്‍ പ്രകാരം സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യയുമായി വാര്‍ഷിക സാമ്പത്തിക വിവരങ്ങള്‍ പങ്കിടുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ ഡാറ്റാ എക്‌സ്‌ചേഞ്ച് 2019 സെപ്റ്റംബറില്‍ നടന്നു. അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ രഹസ്യമായി തുടരുന്നുവെങ്കിലും, നികുതി വെട്ടിപ്പ് തടയുന്നതിനും സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഈ ശ്രമം ലക്ഷ്യമിടുന്നത്.
ഒന്നാമത് യുകെ
2024 ല്‍ സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന പണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ 67ാം സ്ഥാനത്തുനിന്ന് 48ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എന്നിരുന്നാലും ഇത് 2022 ലെ 46ാം റാങ്കിന് താഴെയാണ്. പാകിസ്ഥാന്‍കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 2875 കോടി രൂപയാണ്. 23.46 ലക്ഷം കോടി രൂപയുമായി യുകെ പൗരന്‍മാരാണ് സ്വിസ് ബാങ്ക് നിക്ഷേപങ്ങളില്‍ ഒന്നാമത്. യുഎസ് പൗരന്‍മാരാണ് രണ്ടാം സ്ഥാനത്ത്. കരീബിയന്‍ ദ്വീപുകള്‍ മൂന്നാം സ്ഥാനത്തുണ്ട്.















