വാഷിംഗ്ടൺ: ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ഏകോപിത വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തെ ഗംഭീരമായ സൈനിക വിജയമെന്നാണ് അമേരിക്കൻ പ്രസിഡന്റ് വിശേഷിപ്പിച്ചത്. ദൗത്യം അതിന്റെ പ്രാഥമിക ലക്ഷ്യം നേടിയെന്ന് പറഞ്ഞ ട്രംപ് ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളുടെ നാശം സംഭവിച്ചുവെന്ന വാർത്ത സ്ഥിരീകരിച്ചു.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിനിടെ ഇതാദ്യമായാണ് യുഎസ് നേരിട്ട് സൈനിക ഇടപെടൽ നടത്തിയിരിക്കുന്നത്. ആക്രമണത്തിന്റെ ഏകോപനത്തിന് അമേരിക്കൻ സൈന്യത്തെ അഭിനന്ദിച്ച ട്രംപ് പിന്തുണ നൽകിയ ഇസ്രയേലിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും നന്ദി പറയുകയും ചെയ്തു. മൂന്ന് മിനിറ്റിലധികം നീണ്ടുനിന്ന പ്രസംഗത്തിൽ ഇറാൻ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാൻ തയാറായില്ലെങ്കിൽ ആക്രമണം തുടരുമെന്നും പ്രത്യാഘാതം വലുതായിരിക്കുമെന്നുമുള്ള ശക്തമായ മുന്നറിയിപ്പും ട്രംപ് നൽകി.
“മിഡിൽ ഈസ്റ്റിനെതിരേ ആണവഭീഷണി മുഴക്കുന്ന ഇറാൻ ഇനി സമാധാനം പുനഃസ്ഥാപിക്കാൻ തയാറാകണം. അല്ലാത്തപക്ഷം, ഭാവിയിലെ ആക്രമണങ്ങൾ വളരെ വലുതായിരിക്കും. ഓർക്കുക, ഇനിയും നിരവധി ലക്ഷ്യങ്ങൾ അവശേഷിക്കുന്നുണ്ട്. ഇന്ന് രാത്രി നടന്നത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതും ഒരുപക്ഷേ ഏറ്റവും മാരകവുമായിരുന്നു,” യുഎസ് പ്രസിഡന്റ് പറഞ്ഞു.
40 വർഷമായി ഇറാൻ അമേരിക്കയ്‌ക്ക് എതിരെ പ്രവർത്തിക്കുന്നു. ഒട്ടേറെ നിരപരാധികളെ കൊലപ്പെടുത്തിയെന്നും ട്രംപ് വിശദമാക്കി. അതിനാൽ ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ നശിപ്പിക്കുകയും ലോകത്തിലെ ഒന്നാം നമ്പർ ഭീകരതയെ സ്പോൺസർ ചെയ്യുന്ന രാജ്യം ഉയർത്തുന്ന ആണവ ഭീഷണി അവസാനിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.















