ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് അഞ്ച് വയസുകാരനെ യുവാവ് തല്ലിക്കൊന്നു. ലൈംഗികാതിക്രമ ശ്രമം ചെറുത്തതിനെ തുടർന്നാണ് 22 കാരനായ പ്രതി കുട്ടിയെ ക്രൂരമർദ്ദനത്തിനിരയാക്കി കൊന്നുകളഞ്ഞത്. സംഭവത്തിൽ അസം സ്വദേശി ബോൽദേവ് മസുവയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു.
കരുമാങ്കഴനി ഗ്രാമത്തിൽ താമസിക്കുന്ന ബിഹാറിൽ നിന്നുള്ള കുടിയേറ്റ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ടത്. കുട്ടിയെ ജൂൺ 9 മുതൽ കാണാനില്ലായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു. ദിവസങ്ങൾക്ക് ശേഷം ഗ്രാമത്തിനടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് കുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടി വീണ് തലയ്‌ക്ക് പരിക്കേറ്റതാകാം എന്നാണ് ആദ്യഘട്ടത്തിൽ പൊലീസ് സംശയിച്ചിരുന്നത്. എന്നാൽ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിയെ ബോൽദേവ് കൂട്ടിക്കൊണ്ടുപോയാതായി വ്യക്തമായി. തുടർന്ന് പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവാവ് മൊഴിനൽകി. കുട്ടി കരയാനും ചെറുത്തുനിൽക്കാനും തുടങ്ങിയപ്പോൾ, നിശബ്ദനാക്കാൻ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.















