ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടാനുള്ള ഇറാന്റെ നീക്കം ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയിലെ ഇന്ധന നീക്കം അതേപടി തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുൻകൂർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഉറപ്പ് നൽകി.
കഴിഞ്ഞ രണ്ടാഴ്ചയായിപശ്ചിമേഷ്യയിലെ ഭൗമ-രാഷ്‌ട്രീയ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഹോർമുസ് കടലിടുക്ക് വഴി നടത്തുന്നത്. വിവിധ റൂട്ടുകൾ വഴിയാണ് എണ്ണയടക്കമുള്ള വസ്തുക്കൾ രാജ്യത്ത് എത്തുന്നത്. ആഴ്ചകളോളം വിതരണം ചെയ്യാനുള്ള എണ്ണ ഇന്ത്യൻ കമ്പനികളുടെ പക്കലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്ര ഇടനാഴിയാണ് ഹോർമുസ് കടലിടുക്ക്. 33 കിലോമീറ്റർ വരെയാണ് ഇതി വീതി. ഹോർമുസ് കടലിടുക്കിലൂടെയാണ് സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ, ഖത്തർ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന നീക്കം നടക്കുന്നത്.
പതിറ്റാണ്ടുകളായി അറേബ്യൻ രാജ്യങ്ങളിൽ നിന്നുമാണ് ഇന്ത്യ കൂടുതലായും എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ റഷ്യ- യുക്രൈയൻ സംഘർഷത്തിന് പിന്നാലെ റഷ്യയിൽ നിന്നും കൂടുതൽ ഡിസ്കൗണ്ടോടു കൂടി ഇന്ത്യയ്‌ക്ക് എണ്ണ ലഭിക്കാൻ തുടങ്ങി. നിലവിൽ 44 ശതമാനത്തോളം എണ്ണ റഷ്യയിൽ നിന്നുമാണ് രാജ്യത്ത് എത്തുന്നത്. സൂയുസ് കടലിടുക്ക് വഴിയാണ് റഷ്യയിൽ നിന്നും എണ്ണ എത്തുന്നത്. പ്രതിദിനം 20-22 ലക്ഷം ബാരൽ എണ്ണയാണ് റഷ്യയിൽ നിന്നും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. കൂടാതെ ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാത്ത യുഎസ്, ബ്രസീൽ, പശ്ചിമാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്. നടപടി ഇന്ത്യയെ കാര്യമായി ബാധിക്കില്ലെങ്കിലും ആഗോള തലത്തിൽ പ്രതിഫലിക്കും. ആഗോള അസംസ്കൃത എണ്ണ വ്യാപാരത്തിന്റെ 20–25% ത്തെയും ആഗോള എൽഎൻജി വ്യാപരത്തിന്റെ 30% ത്തെയും സ്തംഭിപ്പിക്കുമെന്നാണ് സൂചന. ആഗോള തലത്തിൽ എണ്ണവില ബാരലിന് 200–300 ഡോളർ വരെ ഉയരുമെന്നും ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.















