ന്യൂഡൽഹി: മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വാഹനമിടിച്ച് 54-കാരൻ മരിച്ച സംഭവത്തിൽ കേസെടുത്തു. കാർ ഡ്രൈവറായ രമണ റെഡ്ഡിക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുൻ എംപി സുബ്ബറെഡ്ഡി, മുൻ മന്ത്രിമാരായ വിദദല രജനി, പെർണി നാനി എന്നിവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
കഴിഞ്ഞ ബുനനാഴ്ചയാണ് സംഭവം. ജഗൻ മോഹൻ റെഡ്ഡിയുടെ വാഹനവ്യൂഹം സത്തേനപ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനങ്ങളുടെ വീലിന്റെ ഇടയിൽപ്പെട്ടാണ് 54 കാരൻ മരിച്ചത്. എന്നാൽ, ഇതിന് പിന്നാലെ അപകടത്തിൽപ്പെട്ടത് ജഗൻ മോഹൻ റെഡ്ഡിയുടെ വാഹനമല്ലെന്നും സ്വകാര്യ വാഹനമാണെന്നുമായിരുന്നു പൊലീസിന്റെ വാദം. പിന്നീട് പ്രസ്താവന മാറ്റുകയായിരുന്നു.
വെങ്കലയപാലം സ്വദേശിയായ ചീലി സിംഗയ്യയാണ് അപകടത്തിൽ മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റാലി നടക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. എന്നാൽ കാർ നിർത്താതെ മുന്നോട്ടെടുത്തു. വീൽ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് മരിച്ചത്.