സിംല: 24 വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികളെയാണ് അദ്ധ്യാപകൻ ഉപദ്രവിച്ചത്.
പെൺകുട്ടികൾ സ്കൂൾ പ്രിൻസിപ്പലിന് നൽകിയ പരാതിയിലൂടെയാണ് വിവരം പുറംലോകമറിഞ്ഞത്. സ്കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച പെൺകുട്ടികളുടെ രക്ഷിതാക്കളുടെ യോഗം സ്കൂളിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടത്തോടെ അദ്ധ്യാപകനെതിരെ പരാതി നൽകിയത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 75 (ലൈംഗിക പീഡനം), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.















