ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ലഭിച്ചത് കൊണ്ടുമാത്രമാണ് നിലമ്പൂരിൽ യുഡിഎഫ് ജയിച്ചതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. യുഡിഎഫിനും എൽഡിഎഫിനും കഴിഞ്ഞ തവണത്തേക്കാൾ വോട്ടിംഗ് ശതമാനം കുറഞ്ഞെന്നും കോൺഗ്രസിന്റെ വിജയമല്ലിതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“യുഡിഎഫിന്റെ വിജയമായി ഇതിനെ കണക്കാക്കാൻ സാധിക്കില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ വിജയമായാണ് ഇത് കണക്കാക്കേണ്ടത്. യുഡിഎഫും എൽഡിഎഫും മതതീവ്രവാദ സംഘടനകളുമായി പരസ്യമായി സഖ്യമുണ്ടാക്കി. രണ്ടുപേരും വികസനത്തെ കുറിച്ച് ചർച്ച ചെയ്യാതെ തീവ്രവാദ-വർഗീയ-രാഷ്‌ട്രീയ പ്രചരണം നടത്തി. എന്നിട്ടും യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടായി. എൽഡിഎഫിനും അത് തന്നെയാണ് സംഭവിച്ചത്”.
മതതീവ്രവാദികളെ കൂട്ടുപിടിച്ച് വോട്ടിംഗ് ശതമാനം കൂട്ടാൻ സാധിക്കില്ല. മറിച്ച് ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് നേടി. ജാതീയതയും വർഗീയതയും മതവുമാണ് എൽഡിഎഫും യുഡിഎഫും ചർച്ചയാക്കിയത്. ഈ രണ്ട് പാർട്ടികളുടെയും ജനപിന്തുണ കുറഞ്ഞിരിക്കുകയാണ്. വികസനവിരുദ്ധയ്‌ക്ക് എതിരാണിവർ. മുഖ്യമന്ത്രിക്കെതിരെ വരുന്ന ജനരോക്ഷത്തെ തടയാനുള്ള കവചമായാണ് വി ഡി സതീശൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.















