കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് 10 വയസ്സുകാരി കൊല്ലപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് നടന്ന കാളിഗഞ്ച് നിയോജകമണ്ഡലത്തിലാണ് നടക്കുന്ന സംഭവം. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ തമന്ന ഖാത്തൂൺ ആണ് കൊല്ലപ്പെട്ടത്
ടിഎംസി പ്രവർത്തകർ വിജയം ആഘോഷിക്കാൻ ശേഖരിച്ചു വച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. തൃണമൂൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രമാണ് പ്രദേശം. തൃണമൂൽ സ്ഥാനാർത്ഥി അലിഫ അഹമ്മദ് അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
തൃണമൂൽ പ്രവർത്തകർ പച്ച പൊടി എറിഞ്ഞും തെരുവുകളിൽ റാലി നടത്തിയും വിജയം ആഘോഷിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമ്മയ്‌ക്കൊപ്പം നടന്നു പോകുന്നതിനിടെയാണ് കുട്ടി കൊല്ലപ്പെട്ടത്. അതേസമയം തൃണമൂൽ പ്രവർത്തകർ സിപിഎം അനുഭാവിയുടെ വീടിന് നേരെ എറിഞ്ഞ ബോംബ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു എന്നും ആരോപണമുണ്ട്. കുട്ടിയുടെ മരണത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.















