മസ്‌കറ്റ്: പൗരന്മാര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാഷ്‌ട്രമായി മാറാന്‍ ഒമാന്‍. എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് നീക്കം. 2028 മുതലാണ് ആദായ നികുതി ഈടാക്കിത്തുടങ്ങുക. ജിസിസിയുടെ ഭാഗമായ ഒരു രാജ്യത്തും നിലവില്‍ പൗരന്‍മാരില്‍ നിന്ന് ആദായ നികുതി ഈടാക്കുന്നില്ല.
42,000 ഒമാന്‍ റിയാലോ (ഏകദേശം 95 ലക്ഷം രൂപ) അതിലധികമോ വാര്‍ഷിക വരുമാനമുള്ള രാജ്യത്തെ പൗരന്‍മാര്‍ 5 ശതമാനം ആദായനികുതി ചുമത്താനാണ് ഒമാന്‍ സര്‍ക്കാര്‍ തീരുമാനം. സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്ന വരുമാനക്കാരില്‍ 1 ശതമാനം പേര്‍ ഇത് പ്രകാരം നികുതി അടയ്‌ക്കേണ്ടിവരും.
എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിന് പൊതു വരുമാനം വൈവിധ്യവത്കരിക്കേണ്ടതുണ്ടെന്ന് ഒമാന്‍ ധനകാര്യ മന്ത്രി സെയ്ദ് ബിന്‍ മുഹമ്മദ് അല്‍സഖ്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ദേശീയ ഊര്‍ജ കമ്പനിയായ ഒക്യുവിന്റെ ഉപകമ്പനിയായ ഒക്യുബിഐയുടെ പ്രാരംഭ ഓഹരി വില്‍പനയിലൂടെ 490 ദശലക്ഷം ഡോളര്‍ ഒമാന്‍ നേടിയിരുന്നു. ഭാവിയില്‍ എണ്ണയുടെ ആവശ്യകത കുറയുകയാണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അവരുടെ വരുമാനം വൈവിധ്യവത്കരിക്കുന്നതിന് നികുതികള്‍ ചുമത്തേണ്ടിവരുമെന്ന് അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്) അഭിപ്രായപ്പെട്ടിരുന്നു.















