ന്യൂഡൽഹി: ഹൈന്ദവ ദേവതകളെ അധിക്ഷേപിക്കുകയും പാകിസ്ഥാനെ വിമർശിച്ചതിന് സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ശർമിഷ്ഠ പനോലിക്കെതിരെ മതനിന്ദ ആരോപിച്ച് പരാതി നൽകുകയും ചെയ്ത പ്രതി വജാഹത് ഖാനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സോഷ്യൽമീഡിയയിലൂടെയുള്ള വിദ്വേഷ പ്രസംഗം വച്ചുപൊറുപ്പിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ വി വിശ്വനാഥൻ, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
തീ കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങും. പക്ഷേ നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഒരിക്കലും ഉണങ്ങില്ലെന്ന് വാദം കേൾക്കുന്നതിനിടെ കോടതി പറഞ്ഞു. കേസിനാസ്പദമായ വിദ്വേഷ പരാമർശത്തിന്റെ തെളിവുകൾ എവിടെയെന്ന് കോടതി ചോദിച്ചു. എന്നാൽ ഇത് നശിപ്പിക്കപ്പെട്ടുവെന്നും താൻ ക്ഷമാപണം നടത്തിയെന്നും വജാഹത് ഖാൻ പറഞ്ഞു.
പാകിസ്ഥാനെ വിമർശിച്ചതിന് മതനിന്ദ ആരോപിച്ചാണ് വജാഹത് ഖാൻ ശർമിഷ്ഠയ്‌ക്കെതിരെ പരാതി നൽകിയത്. പിന്നാലെ ഇയാളുടെ സോഷ്യൽമീഡിയ അക്കൗണ്ട് പരിശോധിച്ചതോടെയാണ് വജാഹത് ഖാൻ കുടുങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ നിരന്തരം ഇയാൾ ഹിന്ദു ദേവതകളെയും ഹിന്ദുക്കളുടെ വിശ്വാസങ്ങളെയും അപമാനിച്ചിരുന്നതായി കണ്ടെത്തി.
ഹിന്ദു ദേവതകൾക്കും സനാതന ധർമത്തിനും പാരമ്പര്യങ്ങൾക്കുമെതിരെ അവഹേളനപരവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ചുകൊണ്ട് നിരവധി പോസ്റ്റുകളായിരുന്നു പ്രചരിപ്പിച്ചത്. ഇതിനെതിരെ വിവിധ ഹിന്ദുസംഘടനകൾ പരാതി നൽകിയിട്ടും കൊൽക്കത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.















