കഴിഞ്ഞ 14 വര്‍ഷത്തിനിടെ പ്രതിരോധ കയറ്റുമതിയില്‍ കാര്യമായ കുറവ് വരുത്തി ഇന്ത്യ. കയറ്റുമതിയില്‍ വന്‍ വര്‍ധനയാണ് രാജ്യം രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയില്‍ അസാധാരണ വര്‍ധനയുണ്ടായി എന്ന് കണക്കുകള്‍ പറയുന്നു. 2013-14ല്‍ വെറും 686 കോടി രൂപയായിരുന്നു ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി. 2024-25ല്‍ 23,622 കോടി രൂപയായി ഉയര്‍ന്നു. 34 മടങ്ങ് വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വയംപര്യാപ്തവമായ പ്രതിരോധ വ്യവസായം കെട്ടിപ്പടുക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ തുടര്‍ന്നാണ് ഈ വര്‍ധനയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഗുണനിലവാരത്തില്‍ മികവ് പുലര്‍ത്താനും ഇന്ത്യക്ക് സാധിക്കുന്നുണ്ട്. കൊട്ടക് മ്യൂച്ച്വല്‍ ഫണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2010ല്‍ ഇന്ത്യ കോലത്തിലെ ഏറ്റവും വലിയ ഡിഫന്‍സ് ഉപകരണ ഇറക്കുമതി രാജ്യമായിരുന്നു. 2024 എത്തിയപ്പോഴേക്കും ഇന്ത്യ ഇറക്കുമതി കുറച്ച് സ്ഥാനം നാലിലേക്ക് എത്തിച്ചു.
നയപരിഷ്‌കരണങ്ങളുടെ ഭാഗമായി ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചതിന്റെ ഫലമാണിത്. കയറ്റുമതി നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതുമുതല്‍ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം പ്രേരിപ്പിക്കുന്നതുവരെ, ആഗോളതലത്തില്‍ വ്യാപക ഇടപെടലിനു സര്‍ക്കാര്‍ ശക്തമായ അടിത്തറ പാകിയിട്ടുണ്ട്-കേന്ദ്രം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-25 ല്‍, പ്രതിരോധ കയറ്റുമതി സ്വകാര്യ മേഖലയില്‍ നിന്ന് 15,233 കോടി രൂപയും പ്രതിരോധ പൊതുമേഖല കമ്പനികളില്‍ നിന്ന് 8389 കോടിയും ആയി ഉയര്‍ന്നു എന്നതും ശ്രദ്ധേയമാണ്.
2023-24ല്‍ ഇത് യഥാക്രമം 15,209 കോടിയും 5874 കോടി രൂപയും ആയിരുന്നു. 2024-25 ല്‍ ഡിഫന്‍സ് പൊതുമേഖല കമ്പനികളുടെ കയറ്റുമതിയിലുണ്ടായത് 42.85% വര്‍ധനയാണ്. ഇത് ഇന്ത്യന്‍ പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ആഗോള സ്വീകാര്യതയുടെ പ്രതിഫലനമാണ്.
ഇന്ത്യ ഇപ്പോള്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്കു വൈവിധ്യമാര്‍ന്ന പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, നിരീക്ഷണ ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍, റഡാറുകള്‍, ടോര്‍പ്പിഡോകള്‍ പോലുള്ള നൂതന സംവിധാനങ്ങള്‍ എന്നിവയാണ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന പ്രധാന ഉല്‍പ്പന്നങ്ങള്‍. അമേരിക്ക, ഫ്രാന്‍സ്, അര്‍മേനിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇന്ത്യയുടെ ഉപഭോക്താക്കളാണ്.
2029 ആകുമ്പോഴേക്കും കയറ്റുമതി 50,000 കോടി രൂപയ്‌ക്ക് മുകളില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.















